ദുബായ്: ഐസിസിയുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. 826 പോയിന്റുമായി ശുഭ്മാൻ ഗിൽ തന്നെയാണ് പട്ടികയിൽ ഒന്നാമതുള്ളത്. എന്നാൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തി. 791 പോയിന്റാണ് താരത്തിനുള്ളത്. ഏകദിന ലോകകപ്പിലെ മികച്ച പ്രകടനമാണ് താരത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്. ലോകകപ്പിന് മുമ്പ് 9-ാം റാങ്കിലായിരുന്നു കോലിയുണ്ടായിരുന്നത്.
824 പോയിന്റുമായി പാകിസ്താൻ താരം ബാബർ അസമാണ് റാങ്കിംഗിൽ രണ്ടാമതുള്ളത്. 2017- 2021നും ഇടയിൽ തുടർച്ചയായ 1258 ദിവസങ്ങളിൽ ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് വിരാട് കോലിയായിരുന്നു. പിന്നീട് ബാബർ അസം ഒന്നാമതെത്തി. എന്നാൽ ലോകകപ്പിനിടെ ബാബറിനെ പിന്തള്ളി ശുഭ്മാൻ ഗിൽ ഒന്നാമതെത്തുകയായിരുന്നു. 769 പോയിന്റുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ നാലമതെത്തി. ദക്ഷിണാഫ്രിക്കയുടെ ക്വിൻറൺ ഡി കോക്കാണ് അഞ്ചാമത്.
ബോളർമാരുടെ റാങ്കിംഗിൽ ആദ്യ അഞ്ചിൽ രണ്ട് ഇന്ത്യൻ താരങ്ങളാണുള്ളത്. മുഹമ്മദ് സിറാജ് മൂന്നാമതും, ജസ്പ്രീത് ബുമ്ര നാലാമതുമാണ്. കുൽദീപ് യാദവും മുഹമ്മദ് ഷമിയുമാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റ് താരങ്ങൾ.