വിശാഖപട്ടണം: എം എസ് ധോണിക്ക് ശേഷം വിശ്വസ്തനായ ഒരു ഫിനിഷറെ ലഭിച്ചെന്ന് ആരാധകർ. എന്നാൽ മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ കാരണം ധോണി നൽകിയ ഉപദേശമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിങ്കു സിംഗ്. താരത്തിന്റെ ഈ സൂപ്പർ ഫിനിഷിംഗിന് ആരാധകരുടെ കയ്യടിയുമെത്തിയിരുന്നു. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ചതിന് ശേഷമായിരുന്നു എംഎസ്ഡി ചെലുത്തിയ സ്വാധീനത്തെ കുറിച്ച് റിങ്കു പറഞ്ഞത്.
എം എസ് ധോണിയുമായി സാംസരിച്ചപ്പോൾ ലഭിച്ച അനുഭവങ്ങളാണ് മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ സഹായിച്ചതെന്നാണ് താരം പറഞ്ഞത്. ഐപിഎല്ലിനിടെ മഹിഭായിയുമായി സംസാരിച്ചപ്പോൾ അവസാന ഓവറിൽ ചിന്തിക്കേണ്ടതിനെ പറ്റി പറഞ്ഞ് തന്നിരുന്നു. ടെൻഷനില്ലാതെ കളിക്കണമെന്നും സ്‌ട്രെയ്റ്റ് ഷോട്ട് കളിക്കണമെന്നുമാണ് പറഞ്ഞ് തന്നത്. അത് ഇന്നത്തെ മത്സരത്തിൽ വളരെയധികം ഗുണം തെയ്തു. -താരം പറഞ്ഞു.
തുടരെ വിക്കറ്റ് നഷ്ടപ്പെട്ട് ടീം സമ്മർദ്ദത്തിലായപ്പോൾ റിങ്കുവിന്റെ അത്മവിശ്വാസത്തോടെയുള്ള ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. അവസാന ബോളിൽ ജയിക്കാൻ ഒരു റൺസ് വേണമെന്നിരിക്കെ സീൻ അബോട്ടിനെതിരെ ലോംഗ് ഓണിലൂടെ റിങ്കു സിക്‌സർ പറത്തിയാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. എന്നാൽ സിക്‌സറിന്റെ റൺസ് താരത്തിന് അനുവദിച്ചില്ല. കാരണം, സീൻ അബോട്ട് എറിഞ്ഞ അവസാന പന്ത് നോബോളായിരുന്നു. 14 പന്തിൽ 22 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.