ഗുവാഹത്തി: ടി-20യിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപ്പണർമാരുടെ പട്ടികയിലേക്ക് ഋതുരാജ് ഗെയ്ക്വാദും. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ ഓസ്ട്രേലിയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു താരം ഈ നേട്ടം. രോഹിത് ശർമ്മ, വിരാട് കോലി, യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരാണ് ഈ പട്ടികയിലുള്ള താരങ്ങൾ. മത്സരത്തിൽ 57 പന്തിൽ 13 ബൗണ്ടറിയും ഏഴ് സിക്സും സഹിതം 123 റൺസുമായി ഗെയ്ക്വാദ് പുറത്താകാതെ നിന്നു. ഗെയ്ക്വാദിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച സ്‌കോർ പടുത്തുയർത്തിയത്. നിശ്ചിത ഓവറിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 6 ഓവർ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 67 റൺസെടുത്തു. ട്രാവിസ് ഹെഡിന്റെയും (35), ആരോൺ ഹാർഡി(16)യുടെയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ജോഷ് ഇംഗ്ലിസും ഗ്ലെൻ മാക്‌സ്വെല്ലുമാണ് ഓസീസിനായി ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 2-ാം ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. ഋതുരാജ് ഗെക്വാദിനൊപ്പെം ക്രീസിലൊന്നിച്ച ഇഷാൻ കിഷനും (0) കൂടാരം കയറിയതോടെ തുടക്കം പാളി. 2-ാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവും ഋതുരാജ് ഗെയ്ക്വാദുമാണ് വീണ്ടും ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്.എന്നാൽ 11-ാം ഓവറിൽ സൂര്യ(39)യെും ആരോൺ ഹാർഡിയുടെ പുറത്താക്കി. ഋതുരാജിനൊപ്പം 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു സൂര്യയുടെ പുറത്താകൽ. എന്നാൽ പിന്നീട് ഋതുരാജിന്റെ വെടിക്കെട്ട് ബാറ്റിംഗിനാണ് സ്‌റ്റേഡിയം സാക്ഷിയായത്. തിലക് വർമയെ കൂട്ടുപിടിച്ച് 141 റൺസിന്റെ കൂട്ടുകെട്ടാണ് ഋതുരാജ് പടുത്തുയർത്തിയത്. 24 പന്തുകൾ നേരിട്ട തിലക് 31 റൺസോടെ പുറത്താകാതെ നിന്നു. 23 റൺസാണ് ഓസീസ് ബൗളർമാർ അധികമായി വഴങ്ങിയത്.