വീക്കിപീഡിയയിൽ ആളുകൾ ഇക്കഴിഞ്ഞ രണ്ട് മാസങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്തായിരിക്കും…? ഈ രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയാണെന്ന് അറിഞ്ഞാൽ നിങ്ങൾ അമ്പരക്കേണ്ട. ഏകദിന ലോകകപ്പിലെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റർമാരായ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും പേജുകൾ തിരയാൻ കാരണം. ഫുട്‌ബോൾ ഇതിഹാസങ്ങളായ ലയണൽ മെസിയെയും റൊണാൾഡോയെയുമാണ് ഇരുവരും പിന്തള്ളിയത്. കോലിയുടെ വിക്കീപിഡിയ പേജിലെത്തിയവരുടെ എണ്ണം 50 ലക്ഷത്തിലധികമാണ്. രണ്ടാമത് ഉള്ള രോഹിത്തിന്റെ പേജിലും 45 ലക്ഷത്തിലധികം ആരാധകരെത്തി. മെസ്സി (43 ലക്ഷം), റൊണോ (44 ലക്ഷം), എന്നിവരാണ് പിന്നിലുള്ളത്.
ഏകദിന ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോലിയെയാണ്. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ 765 റൺസുമായി ഒന്നാമതായിരുന്ന താരം ഒരു വിക്കറ്റു സ്വന്തമാക്കിയിരുന്നു. 597 റൺസാണ് രോഹിത് നേടിയത്. സ്റ്റേഡിയത്തിൽ എത്തി ലോകകപ്പ് കണ്ട കാണികളുടെ എണ്ണത്തിലും ടെലിവിഷനിലും ഒടിടിയിലുമായി മത്സരങ്ങൾ കണ്ടവരുടെ എണ്ണത്തിലും റെക്കോർഡ് വ്യൂവർഷിപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്.















