പത്തനംതിട്ട: അയൽവാസിയുടെ വീട്ടിൽ നിന്നും 2.5 പവന്റെ സ്വർണമാലയുമായി കടന്ന യുവാവ് അറസ്റ്റിൽ. മേലുത്തേമുക്ക് പൂപ്പൻകാല സ്വദേശി ദീപുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി അടിച്ചെന്നും പറഞ്ഞ് ഇയാൾ സുഹൃത്തുക്കളുമായി ആഘോഷവും നടത്തിരുന്നു. സംശയം തോന്നിയതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ അയൽവാസി കലാ ഭാസ്‌കറിന്റെ പരാതിയിലാണ് അറസ്റ്റ്. ശനിയാഴ്ച കലയുടെ സഹോദരീ ഭർത്താവിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടിയാണ് ദീപു ഇവരുടെ വീട്ടിൽ എത്തുന്നത്. മാല ഊരി കട്ടിലിൽ വച്ചതിന് ശേഷമാണ് സഹോദരീ ഭർത്താവ് ആശുപത്രിയിൽ പോയത്. ആശുപത്രിയിൽ പോയി തിരികെ വന്നതിന് ശേഷം ദീപു വാഹനത്തിന്റെ താക്കോൽ നൽകുന്നതിനായി വീട്ടിനുള്ളിൽ പ്രവേശിച്ചിരുന്നു.
ഞായാറഴ്ചയാണ് സഹോദരീ ഭർത്താവ് മാല കട്ടിലിൽ വച്ച വിവരം വീട്ടുകാരെ അറിയിക്കുന്നത്. വീട്ടിൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും സ്വർണമാല കണ്ടെത്താനായില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സുഹൃത്തുക്കളോടൊപ്പം ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ആഘോഷം നടത്തിയതോടെയാണ് ദീപുവുനെ സംശയാസ്പദമായി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ മോഷണം തെളിഞ്ഞു. പത്തനംതിട്ടയിലെ ജ്വല്ലറിയിൽ 1.27 ലക്ഷം രൂപക്കാണ് പ്രതി സ്വർണമാല വിറ്റത്. മാലയും ചെലവാക്കിയതിന്റെ ബാക്കി 96,000 രൂപയും പോലീസ് കണ്ടെടുത്തു.