കണ്ണൂർ: പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലി ചത്തത് ആന്തരിക രക്തസ്രാവത്തെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും വലത് തോളിനും ക്ഷതമേറ്റിരുന്നു. ഇതാണ് രക്തസ്രാവത്തിന് കാരണമായത്. വലയിൽ കുരുക്കി പുറത്തെത്തിച്ച് മയക്കുവെടി വച്ച് കൂട്ടിലാക്കിയാണ് പുലിയെ കൊണ്ടുപോയത്.
ഏഴ് വയസിനടുത്ത് പ്രായമുള്ള ആൺ പുലിയെ ഇന്നലെയാണ് കിണറ്റിൽ നിന്നും പുറത്തെടുത്തത്. ഇന്നലെ രാത്രി കണ്ണവം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോകവെയാണ് പുലി ചത്തത്. വയനാട് സുൽത്താൻ ബത്തേരി കുപ്പാടിയിലുള്ള മൃഗപരിപാലന കേന്ദ്രത്തിലെത്തിച്ചാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്.