തിരുവനന്തപുരം: കേരള കോണ്ഗ്രസ് (സ്കറിയ) നേതാവ് കോരാണി സനിലിന്റെ (65) മരണം മര്ദനത്തെ തുടര്ന്നാണെന്ന് പോലീസ്. സംഭവത്തില് മകന് ബാലഗോപാലിനെ (34) ആറ്റിങ്ങല് പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് കട്ടിലില്നിന്ന് വീണ് പരിക്കേറ്റെന്നു പറഞ്ഞ് സനിലിനെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.
സ്പെഷ്യല് ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മരണത്തില് ദുരൂഹത കണ്ടെത്തിയത്. കട്ടിലില്നിന്ന് വീണുണ്ടായ പരിക്കുകളല്ല മരണകാരണമെന്നും മര്ദനമേറ്റതാണ് കാരണമെന്നും പോസ്റ്റ്മോര്ട്ടത്തില് വ്യക്തമായതായി പോലീസ് അറിയിച്ചു.
സനിലും മകന് ബാലഗോപാലും ആറ്റിങ്ങല് പാലസ് റോഡിലെ ശ്രീലക്ഷ്മി എന്ന വീട്ടില് വാടകയ്ക്കായിരുന്നു താമസം. ഒരാഴ്ച മുമ്പ് സനിലിനെ വീട്ടില് അബോധാവസ്ഥയില് കണ്ടെത്തിയതിനെത്തുടര്ന്ന് ജോലിക്കാരി വിവരം സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടര്ന്ന് സുഹൃത്തുക്കളാണ് സനിലിനെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. താമസസ്ഥലത്ത് വീണ് ഗുരുതരമായി പരിക്കേറ്റെന്നാണ് അന്ന് ആശുപത്രിയില് അറിയിച്ചിരുന്നത്. എന്നാല്, മരണത്തില് സംശയം തോന്നിയ സനില് അംഗമായ ഹോട്ടല് അസോസിയേഷന് പ്രവര്ത്തകര് ആറ്റിങ്ങല് പോലീസിനെ നേരിട്ടെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്ന്ന് പോലീസ് ജോലിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ആശുപത്രിയില് സനിലിനൊപ്പം മകന് ബാലഗോപാലായിരുന്നു ഉണ്ടായിരുന്നത്. സനില് മരിച്ചെന്ന വിവരം ലഭിച്ചതിന് പിന്നാലെ ആശുപത്രിയിലെത്തിയ പോലീസ് ബാലഗോപാലിനെ കസ്റ്റഡിയിലെടുത്തു. മര്ദനത്തെ തുടര്ന്നുണ്ടായ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടത്തില് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൊബൈല് ഫോണ് റീചാര്ജ് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്ക്കമാണ് മര്ദനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചനയെന്ന് പോലീസ് പറഞ്ഞു. സനിലിന്റെ തലയുടെ വലതുഭാഗത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. അഞ്ച് വാരിയെല്ലുകള് ഒടിഞ്ഞതായും കഴുത്തിന് പരിക്കേറ്റതായും പോസ്റ്റ്മോര്ട്ടം നടത്തിയ ഡോക്ടര്മാര് അറിയിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതിയെ താമസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.















