ന്യൂഡൽഹി: കഴിഞ്ഞ ദിവസമായിരുന്നു ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്. എന്താണ് ഗ്രീൻ ക്രെഡിറ്റ് പദ്ധതി, എങ്ങനെയാണിത് ലോകത്തിന് ഗുണകരമാകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാർ ഗ്രീൻ ക്രെഡിറ്റിന് സാധിക്കുമോ? അറിയാം..
ഐക്യരാഷ്‌ട്രസഭയുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോപ്-28ൽ പങ്കെടുക്കാൻ നിരവധി ലോകനേതാക്കളായിരുന്നു യുഎഇയിലെത്തിയത്. കാലാവസ്ഥാ വ്യതിയാനം ഗ്ലോബൽ സൗത്തിനെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു. ”നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ, ഒരു ഹെൽത്ത് കാർഡ് തയ്യാറാക്കാൻ എത്രമാത്രം പ്രാധാന്യം നാം നൽകുന്നുവോ അതുപോലെയാണ് പരിസ്ഥിതിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും നമുക്ക് കരുതലുണ്ടാകേണ്ടത്. ഭൂമിയുടെ ഹെൽത്ത് കാർഡിന് വേണ്ടി എന്തെല്ലാം പോസിറ്റീവ് പോയിന്റുകൾ നൽകാൻ സാധിക്കുമെന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ഇതിനെയാണ് നാം ഗ്രീൻ ക്രെഡിറ്റ് എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്.” ഇതായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകൾ.
മനുഷ്യന് ആരോഗ്യകാർഡ് എന്ന പോലെ ഭൂമിക്കൊരു ഹെൽത്ത് കാർഡ് എന്ന് വളരെ ലളിതമായി ഗ്രീൻ ക്രെഡിറ്റിനെ നിർവചിക്കാം. ഭൂമിയെ കാർബൺ മുക്തമാക്കുകയെന്ന ആഗോള ലക്ഷ്യത്തിന് മുതൽക്കൂട്ടാകാൻ ഗ്രീൻ ക്രെഡിറ്റ് സാധിക്കും. 2023 ഒക്ടോബർ 13ന് ഭാരതത്തിന്റെ പരിസ്ഥിതി, വനം മന്ത്രാലയമാണ് ഗ്രീൻ ക്രെഡിറ്റ് ഇനീഷിയേറ്റീവ് ആദ്യമായി അവതരിപ്പിക്കുന്നത്. ജലസംരക്ഷണവും വനവത്കരണവുമായിരുന്നു ഈ പദ്ധതി മുന്നോട്ടുവയ്‌ക്കുന്ന പ്രധാന രണ്ട് കാര്യങ്ങൾ. വ്യക്തികൾ, സമുദായങ്ങൾ, പ്രൈവറ്റ് സെക്ടർ മേഖലകൾ, കമ്പനികൾ തുടങ്ങി ആർക്കും ഗ്രീൻ ക്രഡിറ്റ് കാർഡ് സ്വന്തമാക്കാം. സ്വമേധയാ നടത്തുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നൽകുന്ന അംഗീകാരമാണിത്. ഇത് വിപണിയിൽ മൂല്യമുള്ളതും വിൽക്കാൻ കഴിയുന്നതുമായ ഒന്നാണ്. രാജ്യത്തെ വിവിധ ആഭ്യന്തര വിപണി പ്ലാറ്റ്‌ഫോമുകൾ വഴി ഗ്രീൻ ക്രെഡിറ്റ് വിൽപ്പന നടത്താം.
ഏതെല്ലാം പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കാണ് ഗ്രീൻ ക്രെഡിറ്റ് നൽകുകയെന്നതും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സ്വമേധയാ നടത്തുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് മാത്രമേ അംഗീകാരം ലഭിക്കൂ. വൃക്ഷത്തൈ വച്ചുപിടിപ്പിക്കുക, ജലം സംരക്ഷിക്കുക, സുസ്ഥിര കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, മാലിന്യ സംസ്‌കരണം തുടങ്ങി പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പടും. ഗ്രീൻ ക്രെഡിറ്റിന് വിപണി മൂല്യം ഉള്ളതിനാൽ രാജ്യത്തെ വലിയ കോർപ്പറേറ്റുകളെയും സ്വകാര്യ കമ്പനികളെയും പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലാവസ്ഥാ ഉച്ചകോടിയായ കോപ്-28ൽ ഗ്രീൻ ക്രെഡിറ്റിനായി ഒരു വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിക്കൊപ്പം സ്വീഷിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ, മൊസംബിക് പ്രസിഡന്റ് ഫിലിപ്പ് ജാസിന്റോ ന്യൂസി, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ എന്നിവർ ചേർന്നാണ് ഗ്രീൻ ക്രെഡിറ്റ് പദ്ധതിക്കായുള്ള വെബ് പോർട്ടൽ ലോകത്തിനായി സമർപ്പിച്ചത്.















