ഭുവനേശ്വർ: 34-മത് അന്താരാഷ്ട്ര കൊണാർക്ക് നൃത്തോത്സവത്തിന് ഇന്ന് തുടക്കമായി. പുരിയിലെ കൊണാർക്ക് സൂര്യക്ഷേത്രത്തിലാണ് നൃത്തോത്സവം നടക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്നതാണ് പൂരി കൊണാർക്ക് നൃത്തോത്സവം. ഒഡീഷയിൽ നടക്കുന്ന ഏറ്റവും വലിയ നൃത്തോത്സവങ്ങളിലൊന്നാണിത്.
എല്ലാ വർഷവും ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെയാണ് കൊണാർക്ക് നൃത്തോത്സവം സംഘടിപ്പിക്കുന്നത്. വാസ്തുവിദ്യ കൊണ്ട് വിസ്മയിപ്പിക്കുന്ന തരത്തിലാണ് നൃത്തവേദിയൊരുക്കിയത്. ചുവരുകളിൽ പുരാതന കാലം മുതലുള്ള കലാരൂപങ്ങൾ കൊണ്ട് അലങ്കരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രശസ്ത നർത്തകർ ഈ നൃത്തോത്സവത്തിൽ പങ്കെടുക്കും. ഒഡീഷ ടൂറിസവും റിസർച്ച് സെന്ററും സംയുക്തമായി ചേർന്നാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
കൊണാർക്ക് നൃത്തോത്സവത്തോടൊപ്പം പുരിയിൽ സാൻഡ് ആർട്ട് ഫെസ്റ്റിവലും നടക്കുന്നുണ്ട്. മണൽ, കല്ല്, വെങ്കലം തുടങ്ങിയവ ഉപയോഗിച്ച് കലാസൃഷ്ടികൾ നിർമ്മിക്കുന്ന വിദഗ്ധരായ കലാകാരന്മാരെ പങ്കെടുപ്പിച്ച് കൊണ്ടാണ് സാൻഡ് ആർട്ട് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി മണൽ കലാകാരന്മാർ ഫെസ്റ്റിവലിൽ പങ്കെടുക്കും.
ഭുവനേശ്വറില്‍ നിന്നും അറുപത്തിയഞ്ച് കിലോമീറ്റര്‍ കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്താണ് കൊണാര്‍ക്ക് സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതുല്യമായ വാസ്തുശില്പചാതുരി കൊണ്ട് വിസ്മയിപ്പിക്കുന്ന ക്ഷേത്രമാണ് കൊണാര്‍ക്ക് സൂര്യക്ഷേത്രം. പതിന്നാല് കുതിരകള്‍ വലിക്കുന്ന ഒരു രഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പുരാണ കഥാപാത്രങ്ങളുടെയും, ദേവതകളുടെയും രൂപങ്ങളാണ് ക്ഷേത്രത്തിന്റെ ചുമരുകളിൽ കൊത്തിവച്ചിരിക്കുന്നത്.