ദുർബലരായ ടീമുകളെയാണ് പാകിസ്താൻ തോൽപ്പിച്ചിട്ടുള്ളത് അതിനാലാണ് മുൻപ് അവർക്ക് ഏകദിന ക്രിക്കറ്റിൽ ഒന്നാമതെത്തിയതെന്ന് മുൻ പാക് താരം ജുനൈദ് ഖാൻ. പാകിസ്താന്റെ ഏകദിന റാങ്കിംഗിലെ നേട്ടത്തിന് ബാബർ അസമിനെയാണ് എല്ലാവരും പ്രശംസിക്കുന്നത്. എന്നാൽ, ദുർബലരായ ടീമുകളെയാണ് തോൽപ്പിച്ചതെന്ന വസ്തുത ആരും മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർഫറാസ് അഹമ്മദിന്റെ കാലത്ത് പാകിസ്താൻ മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാബർ അസം ലോകത്തിലെ മികച്ച ബാറ്റർമാരിൽ ഒരാളാണെങ്കിലും നായകനെന്ന നിലയിൽ പരാജയമായിരുന്നു. തെറ്റുകളിൽ നിന്ന് പഠം ഉൾകൊണ്ട് ടീമിന് വിജയം സമ്മാനിക്കാൻ ബാബറിന് സാധിച്ചില്ല. സർഫറാസ് അഹമ്മദിന്റെ കാലത്താണ് പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി നേടിയതും ടി20 റാങ്കിംഗിൽ ഒന്നാമത് എത്തിയതും. സർഫറാസ് ക്യാപ്റ്റനെന്ന നിലയിൽ ഓരോ കളിയിലും മെച്ചപ്പെട്ടപ്പോൾ ബാബറിന് അതിന് കഴിഞ്ഞില്ലെന്നും ജുനൈദ് പറഞ്ഞു.
2023ലെ ഏകദിന ലോകകപ്പിൽ പാകിസ്താന്റെ മോശം പ്രകടനത്തിന് പിന്നാലെ ബാബർ അസം രാജിവച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ വന്ന പാകിസ്താൻ സെമി ഫൈനലിന് യോഗ്യത നേടാൻ പോലും സാധിക്കാതെ അഞ്ചാമതായി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഫിനിഷ് ചെയ്യേണ്ടി വന്നുവെന്നും ജുനൈദ് പറഞ്ഞു.















