ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് മാത്രമേ ജനങ്ങൾ വിശ്വസിക്കുകയുള്ളൂവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കുള്ളതാണെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എല്ലായ്പ്പോഴും മുന്നിൽ നിന്ന് നയിച്ചിട്ടുള്ളതെന്നും ജെ.പി നദ്ദ വ്യക്തമാക്കി.
‘ഭാരതത്തിന് നിർണ്ണായക നേതൃത്വം നൽകാനും കർഷകരെയും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കാനും മോദിജിക്ക് മാത്രമേ കഴിയൂ. ഇത് രാഷ്ട്രം മനസിലാക്കി എന്നതിന്റെ സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് ഒരു ഉറപ്പ് മാത്രമേ ഉള്ളൂ, അതാണ് മോദി. രാജ്യത്തെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്’.
‘ഇൻഡി സഖ്യം ജാതീയത പ്രചരിപ്പിക്കാൻ ശ്രമിച്ചു. അവർ സമൂഹത്തെ വിഭജിക്കാൻ ശ്രമിച്ചു, പ്രീണന രാഷ്ട്രീയം. എന്നാൽ രാഷ്ട്രം വികസനം തിരഞ്ഞെടുത്തു. പ്രതിപക്ഷം പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നതെങ്കിൽ, രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഏറ്റവും വലിയ നേതാവായി പ്രധാനമന്ത്രി മോദി തുടരുകയാണ്. അങ്ങനെയുള്ള പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ കോൺഗ്രസിന് തന്നെ തിരിച്ചടിയായി’- ജെ.പി നദ്ദ പറഞ്ഞു.