ന്യൂഡൽഹി: ബിജെപിക്കെതിരായ പോരാട്ടത്തെ നിസാരമായി കാണരുതെന്നും, അത് വളരെ വലുതാണെന്നും പ്രതിപക്ഷ കക്ഷികൾക്ക് ഉപദേശവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ” ബിജെപിയെ നേരിടണമെങ്കിൽ വലിയ തയ്യാറെടുപ്പുകൾ നടത്തേണ്ടി വരും. കർശനമായ അച്ചടക്കം പ്രതിപക്ഷ കക്ഷികൾക്കിടയിൽ ആവശ്യമായി വരും. ബിജെപിക്ക് വലിയ ഭൂരിപക്ഷം നേടിക്കൊടുക്കുന്ന എല്ലാ മാർഗങ്ങളേയും പ്രതിരോധിക്കേണ്ടതെന്നും, അങ്ങനെയാണെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു ഫലം പ്രതീക്ഷിക്കാമെന്നും” അഖിലേഷ് യാദവ് പറഞ്ഞു.
മൂന്ന് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ അഹംഭാവം അവസാനിപ്പിച്ചുവെന്നും അഖിലേഷ് പരിഹസിച്ചു. ” ഉത്തർപ്രദേശിൽ എസ്പിക്ക് മുന്നിൽ വലിയ വെല്ലുവിളികളുണ്ട്. ബിജെപിക്കെതിരായ പോരാട്ടം അവിടെ കടുപ്പമാകും. അതിനായി ചില നിർണായക തീരുമാനങ്ങൾ ഇനി എടുക്കേണ്ടതുണ്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇപ്പോൾ കാണുന്ന ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒന്നാകും സംഭവിക്കുന്നത്.
ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഒരിക്കലും നിരാശരാകില്ല. ഇത് രാഷ്‌ട്രീയത്തിലും ജനാധിപത്യത്തിലും പതിവുള്ള കാര്യമാണ്. ബിജെപിക്കെതിരെ ശക്തരായി നിൽക്കണമെങ്കിൽ കൃത്യമായ തയ്യാറെടുപ്പുകൾ വേണമെന്നാണ് ഈ ഫലം തെളിയിക്കുന്നത്. അച്ചടക്കത്തോടെയുള്ള പ്രവർത്തനത്തിലൂടെ മാത്രമേ പാർട്ടിയെ ശക്തിപ്പെടുത്താൻ സാധിക്കുകയുള്ളു” എന്നും അഖിലേഷ് യാദവ് പറഞ്ഞു.