ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക പുറത്തിറക്കി. ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2023 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കശ്മീരി പണ്ഡിറ്റുകളുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത ബിൽ. സംസ്ഥാനത്തെ കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകൾക്ക് രണ്ട് സീറ്റും പാക് അധീനിവേശ കശ്മീരിലെ (പിഒകെ) കുടിയിറക്കപ്പെട്ടവർക്ക് ഒരു സീറ്റും സംവരണം ചെയ്യാൻ സർക്കാർ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ- 2023 അനുസരിച്ച്, കശ്മീരി കുടിയേറ്റക്കാരെ നാമനിർദ്ദേശം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കും. ലഫ്റ്റനന്റ് ഗവർണർക്ക് കശ്മീരി കുടിയേറ്റ സമൂഹത്തിൽ നിന്ന് പരമാവധി രണ്ട് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാമെന്ന് ബില്ലിൽ പറയുന്നു. ഈ അംഗങ്ങളിൽ ഒരാൾ ഒരു സ്ത്രീ ആയിരിക്കണം. 1989 നവംബർ 1 ന് ശേഷം കശ്മീർ താഴ്‌വരയിൽ നിന്നോ ജമ്മു-കശ്മീർ സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്നോ കുടിയേറിയവരും ദുരിതാശ്വാസ കമ്മീഷണറുടെ വകുപ്പിൽ രജിസ്റ്റർ ചെയ്തവരുമായ ആളുകളെയാണ് കുടിയേറ്റക്കാർ എന്ന് നിർവചിക്കുന്നത്.
പാക് അധീനിവേശ ജമ്മു കശ്മീരിലെ കുടിയിറക്കപ്പെട്ട ജനങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് ഒരു അംഗത്തെ ലഫ്റ്റനന്റ് ഗവർണർക്ക് നാമനിർദ്ദേശം ചെയ്യാമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. പാക് അധിനിവേശ ജമ്മു കാശ്മീരിൽ താമസിച്ചിരുന്ന സ്ഥലത്തുനിന്നും പലായനം ചെയ്ത്, പുറത്ത് താമസിക്കുന്നവരുമായ വ്യക്തികളെയാണ് കുടിയിറക്കപ്പെട്ട വ്യക്തികളെന്ന് അർത്ഥമാക്കുന്നത്.















