പത്തനംതിട്ട: റാന്നി കുരുമ്പൻമൂഴിയിൽ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാന വിദഗ്ദ പരിചരണത്തിൽ പൂർണ ആരോഗ്യവാനായി തുടരുന്നു. പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ തള്ളയാനയിൽ നിന്ന് വേർപെട്ടുപോയ കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ബീറ്റ് ഓഫീസർ നിതിനും വാച്ചർ ജോസഫും ചേർന്നാണ് ആനയെ പരിചരിക്കുന്നത്.
ആനക്കുട്ടിയ്‌ക്ക് ഒരുമണിക്കൂർ ഇടവിട്ട് പാല് കൊടുക്കുന്നുണ്ട്. മിക്കപ്പോഴും നല്ല ഉറക്കത്തിലുമായിരിക്കും. രണ്ട് മണിക്കൂർ കഴിഞ്ഞാൽ മെല്ലെ എഴുന്നേൽക്കും. കാലുകൾ ഉറച്ച് തുടങ്ങിയിട്ടേയുള്ളൂ.മെല്ലെ മെല്ലെ നടന്നിറങ്ങും. എന്നാൽ ഉറക്കമുണരുമ്പോൾ ആരെയും കണ്ടില്ലെങ്കിൽ ഉറക്കെ ബഹളമുണ്ടാക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഡോക്ടർമാരുടെ നിർദ്ദേശനുസരണമാണ് ഭക്ഷണരീതി. ഒന്നരമണിക്കൂർ ഇടവിട്ട് പാല് കുടിപ്പിക്കും. ഇളം വെയിൽ കൊള്ളിക്കും. ലാക്ടോജനാണ് കൊടുക്കുന്നത്. കൊച്ചുകുഞ്ഞുങ്ങളെ എങ്ങനെ നോക്കുന്നോ അതുപോലെ തന്നെയാണ് നോക്കുന്നത്.