ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീർ നിയമസഭയിലേക്കുള്ള സീറ്റുകൾ പുന:സംഘടിപ്പിച്ച് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ബിൽ സഭയിൽ അവതരിപ്പിച്ചത്. സഭയിലെ സീറ്റുകളുടെ എണ്ണം 87 ൽ നിന്നും 114 ആയി വർദ്ധിപ്പിച്ചു. ജമ്മുവിൽ നിന്നും 43 ഉം കശ്മീരിൽ നിന്നും 47 ഉം അംഗങ്ങളാകും ഇനി സഭയിൽ ഉണ്ടാകുക.
ബിൽ സഭയിൽ അവതരിപ്പിച്ചുകൊണ്ട് നിർണായക പ്രഖ്യാപനമാണ് അമിത് ഷാ നടത്തിയത്. 24 സീറ്റുകൾ പാക് അധിനിവേശ കശ്മീരിന് മാറ്റിവെക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പ്രദേശം വീണ്ടും ഭാരതത്തിന്റെ ഭാഗമാകുന്ന ദിനം 24 നിയമസഭ സീറ്റുകൾ കൂടി സഭയിൽ കൂട്ടിച്ചേർക്കപ്പെടും. അതുവരെ 90 അസംബ്ലി മണ്ഡലങ്ങളാകും ഉണ്ടാകുക. ഇവിടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നും അദ്ദേഹം സഭയിൽ അറിയിച്ചു.
സംസ്ഥാനമായിരുന്നപ്പോൾ ജമ്മുവിൽ 37 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ ആറെണ്ണം വർദ്ധിപ്പിച്ചാണ് 43 ആയി ഉയർത്തിയത്. കശ്മീരിൽ 46 സീറ്റുകൾ ഉണ്ടായിരുന്നത് ഒരെണ്ണം വർദ്ധിപ്പിച്ച് 47 ആക്കി. ജമ്മുകശ്മീരിന്റെ ഭാഗമായിരുന്നപ്പോൾ 4 അംഗങ്ങളായിരുന്നു ലഡാക്കിൽ നിന്നും ഉണ്ടായിരുന്നത്.
ജമ്മുകശ്മീർ നിയമസഭയിൽ എസ്‌സി/ എസ്ടി സംവണം കൊണ്ടുവരുമെന്നും പാക് അധിനിവേശ കശ്മീരിൽ നിന്നെത്തുന്നവർക്കും സഭയിൽ സീറ്റ് മാറ്റിവെക്കുമെന്നും ബിൽ അവതരപ്പിച്ചുകൊണ്ട് അമിത് ഷാ വ്യക്തമാക്കിയിരുന്നു. പാക് അധിനിവേശ കശ്മീരിൽ നിന്നെത്തിയവർക്ക് ജമ്മു കശ്മീർ നിയമ സഭയിൽ ഒരു സീറ്റ് മാറ്റിവെക്കും. കശ്മീരിലേക്ക് കുടിയേറിയ വിഭാഗത്തിൽപ്പെട്ടവർക്ക് 2 സീറ്റുകളും ഇനി മുതൽ സഭയിലുണ്ടാകും. 9 സീറ്റുകൾ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്കും നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ജമ്മുകശ്മീർ നിയമസഭയിൽ എസ് സി/എസ്ടി സംവരണം കൊണ്ടുവരുന്നത്.
ഇന്ന് ജമ്മുകശ്മീരിനെ സംബന്ധിച്ച് രണ്ട് ബില്ലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സഭയിൽ അവതരിപ്പിച്ചത്. ജമ്മുകശ്മീർ റിസർവേഷൻ ബിൽ, ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ബിൽ എന്നിവയാണ് അവതരിപ്പിച്ചത്. ലോക്‌സഭയിൽ പാസാകുന്ന ബിൽ പ്രതിപക്ഷത്ത് നിന്നുള്ള പാർട്ടികളുടെ അടക്കം പിന്തുണയോടെ രാജ്യസഭയിലും പാസാകുമെന്നാണ് ഭരണകക്ഷി പ്രതീക്ഷിക്കുന്നത്.