ശരീരഭാരം കുറയ്‌ക്കുന്നതിനും ചർമ്മ സംരക്ഷണത്തിനുമായി ഇന്ന് ഡയറ്റ് പ്ലാനുകൾ സ്വീകരിക്കുന്നവരാണ് അധികവും. ഡയറ്റുകൾ പലവിധത്തിലുണ്ട്. കൃത്യമായി ഡോക്ടർമാരെ കണ്ടതിന് ശേഷം അവരുടെ നിർദ്ദേശാനുസരണം മാത്രമാകണം ഡയറ്റ് ആരംഭിക്കാൻ. ഇതിൽ 90-30-50 ഡയറ്റ് പ്ലാൻ എങ്ങനെയെന്ന് നോക്കാം…
90-30-50 ഡയറ്റ് പ്ലാൻ ഭക്ഷണക്രമീകരണം ഉൾപ്പെട്ട രീതിയാണ്. ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ ബൃഹത് പോഷക ഗുണമുള്ള ഘടകങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 90 ശതമാനം കാർബോഹൈഡ്രേറ്റ്, 30 ശതമാനം പ്രോട്ടീൻ, 50 ശതമാനം കൊഴുപ്പ് എന്നിങ്ങനെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതിനാൽ തന്നെ ഈ ഡയറ്റ് പ്ലാൻ ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. എന്നാൽ മറ്റെല്ലാ ഡയറ്റ് പ്ലാനുകൾക്കും ഉള്ളത് പോലെ തന്നെ ഇതിനും ഗുണങ്ങളും ദോഷവശങ്ങളുമുണ്ട്.
90-30-50 ഡയറ്റ് പ്ലാനിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്ന് പോഷക ഗുണങ്ങൾ ധാരാളം ലഭിക്കുന്നുവെന്നതാണ്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, കൊഴുപ്പുകൾ എന്നിവ ശരീരത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. മികച്ച അളവിൽ ഇത് ശരീരത്തിലെത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. പൊതുവെ ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ഭക്ഷണക്രമത്തിൽ നിന്നും കൊഴുപ്പടങ്ങിയ എല്ലാം ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണത്തിലെ കൊഴുപ്പുകൾ ശരീരത്തിന് ഊർജ്ജവും ഒപ്പം അവയവങ്ങളുടെ സംരക്ഷണത്തിനും ഒരു ദിവസം ഊഷ്മളമായി നിലനിർത്തുന്നതിനും സഹായിക്കുന്നു.
കൊഴുപ്പുകൾ ശരീരത്തിലെ പ്രധാന ഹോർമോണുകളുടെ ഉത്പാദനത്തിന് നിർണായക പങ്കുവഹിക്കുന്നു. മറ്റുള്ള ഡയറ്റുകളിൽ നിന്നും വ്യത്യസ്തമായി ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. അവക്കാഡോ, നട്‌സ്, ഒലിവ് ഓയിൽ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഡയറ്റ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിൽ ഉൾപ്പെടുത്തുന്ന പോഷക ഗുണങ്ങൾ വിശപ്പ് നിയന്ത്രിക്കുന്നതിനും മറ്റ് ഭക്ഷണങ്ങളോടുള്ള പ്രിയം കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. എന്നാൽ ഈ ഡയറ്റ് പരിപാലിക്കുന്നതിൽ ഏറെ വെല്ലുവിളികളുണ്ട്. ഓരോ ഭക്ഷണത്തിലും ഉണ്ടാകുന്ന കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ കൃത്യമായ ശതമാനം കണക്കാക്കുക എന്നത് പ്രയാസമാണ്. ഇതിനാൽ തന്നെ ഈ ഡയറ്റ് പ്ലാൻ സജ്ജമാക്കുന്നതിന് ഏറെ സമയമെടുക്കും.















