കൊച്ചി: കൊച്ചി മെട്രോയുടെ എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് ആരംഭിക്കും. ആലുവയിൽ നിന്ന് 25-ാമത്തെ സ്റ്റേഷനാണ് തൃപ്പൂണിത്തുറ ഒപ്പം ഒന്നാംഘട്ടത്തിലെ ഒടുവിലത്തെ സ്റ്റേഷനുമാണ്. എസ് എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ ടെർമിനൽ വരെ പരീക്ഷണ ഓട്ടത്തിന് പാളങ്ങൾ സജ്ജമായി കഴിഞ്ഞു. കൂടാതെ ഈ വഴിയിലെ സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായി കഴിഞ്ഞു.
ഓപ്പൺ വെബ് ഗിർഡർ സാങ്കേതിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യം ഉപയോഗിച്ചത് എസ് എൻ ജംഗ്ഷൻ തൃപ്പൂണിത്തുറ സ്റ്റേഷൻവരെയുള്ള 60 മീറ്റർ മേഖലയിലാണ്. ഇന്ന് രാത്രി 11.30 നാണ് ട്രെയിനിന്റെ പരീക്ഷണം നടക്കുന്നത്. പരീക്ഷണ ഓട്ടത്തിന് ശേഷം സ്ഥിരം സർവീസ് ആരംഭിക്കുന്നതോടെ നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. റെയിൽവേയുടെ സ്ഥലംകൂടി ലഭ്യമായതോടെയാണ് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്റെ നിർമ്മാണം അതിവേഗം പൂർത്തിയായത്.
ആലുവയിൽ നിന്ന് കൊച്ചി നഗരം ചുറ്റി തൃപ്പൂണിത്തുറ വരെ 28.12 കിലോമീറ്റർ ദൂരമാണ് മെട്രോ സർവ്വീസ് നടത്തുന്നത്. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്ന് നടന്നുപോകാനുള്ള അകലത്തിലാണ് മെട്രോ സ്റ്റേഷനുള്ളത്. ഇത് തൃപ്പൂണിത്തുറയിൽ എത്തുന്ന യാത്രക്കാർക്കും സഹായകമായിരിക്കും.