പ്രശസ്ത ബോളിവുഡ് താരം ജൂനിയർ മെഹമൂദ് അന്തരിച്ചു. 67 വയസായിരുന്നു. അർബുദം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വസതിയിൽ വച്ച് പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യനില മോശമാകുകയായിരുന്നു.
1967 ൽ പുറത്തിറങ്ങിയ നൗനിഹാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മെഹമൂദ് സിനിമയിലേക്ക് കടന്നുവന്നത്. ഏഴ് ഭാഷകളിലായി 250 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കട്ടി പതംഗ്, മേരാ നാം ജോക്കർ, പർവരീഷ്, ദോ ഔർ ദോ പാഞ്ച്, ഹാഥി മേരെ സാഥി, ജുദായി, ദാദാഗിരി, കാരവന്‍, ബ്രഹ്മചാരി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഗായകനും മറാഠി സിനിമാ സംവിധായകനുമായിരുന്നു.















