വോയിസ് മെസേജിൽ ഡിസപ്പിയറിംഗ് ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഒറ്റത്തവണ മാത്രം കേൾക്കാനാകുന്ന സന്ദേശങ്ങളാണിത്. ചിത്രങ്ങളും വീഡിയോകളും അയക്കുന്നതിന് വേണ്ടി വ്യൂ വൺസ് എന്ന പേരിൽ മറ്റൊരു ഫീച്ചർ നേരത്തെ എത്തിയിരുന്നു. ഇതിലൂടെ ചിത്രങ്ങളും വീഡിയോകളും ഒരു തവണ മാത്രമെ കാണാൻ സാധിക്കൂ. അതിന് സമാനമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഡിസപ്പിയറിംഗ് വോയ്‌സ് മെസേജസ്.
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതെന്ന് മെറ്റ അറിയിച്ചു. ഫീച്ചർ നിലവിലെത്തുന്നതോടെ സ്വകാര്യത ആവശ്യമുള്ള വിവരങ്ങൾ ശബ്ദസന്ദേശമായി കൈമാറാൻ ഇതിലൂടെ സാധിക്കും. ഡിസപ്പിയറിംഗ് വോയ്‌സ് മെസേജിനൊപ്പം തന്നെ വ്യൂ വൺസ് മെസേജുകൾക്കൊപ്പം കാണുന്ന വൺ ടൈം ഐക്കണും ഉണ്ടാകും.
വാട്‌സ്ആപ്പിലെ എല്ലാ സന്ദേശങ്ങളും എൻടു എന്റ് എൻക്രിപ്റ്റഡ് ആണ്. ഇതിന് പുറമെയാണ് അധിക സുരക്ഷയ്‌ക്ക് വേണ്ടി ഡിസപ്പിയറിംഗ്, വ്യൂ വൺസ് എന്ന പേരുകളിൽ ഒറ്റത്തവണ മാത്രം കാണാനാവുന്ന വിധത്തിൽ സന്ദേശങ്ങൾ അയക്കുന്നതിനുള്ള സൗകര്യവും വാട്‌സ്ആപ്പ് സജ്ജമാക്കിയിരിക്കുന്നത്. അടുത്തിടെയാണ് സീക്രട്ട് കോഡ് എന്ന പേരിൽ മറ്റൊരു ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ലോക്ക് ചെയ്ത ചാറ്റുകൾ തുറക്കുന്നതിന് ഒരു രഹസ്യ കോഡ് വെക്കുന്നതിനുള്ള സൗകര്യമാണിത്.