എയർഫോഴ്സ് ഉദ്യോഗസ്ഥനായി ഹൃത്വിക് റോഷൻ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഫൈറ്റർ’ എന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഇന്ത്യൻ പ്രതിരോധമേഖലയിലെ അതിശക്തരായ എയർഫോഴ്സ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. മാസ്മകരികമായ ആകാശ യുദ്ധത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്. യുദ്ധ വിമാനങ്ങളുടെ അത്യുഗ്രൻ പ്രകടനങ്ങളും ടീസറിലൂടെ കാണാം.
സിദ്ധാർത്ഥ് ആനന്ദ് സംവിധനം ചെയ്യുന്ന ചിത്രത്തിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേർ പത്താനിയ എന്ന കഥാപാത്രമായാണ് ഹൃത്വിക് എത്തുന്നത്. താരത്തിനൊപ്പം ദീപിക പദുകോൺ, അനിൽ കപൂർ, കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
2024 ജനുവരി 25-ന് ചിത്രം തിയേറ്ററുകളിലെത്തും. രമോൺ ചിബ്, സിദ്ധാർത്ഥ് ആനന്ദ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. 250 കോടി ബഡ്ജറ്റിൽ വരുന്ന ചിത്രം വിയാകോം സ്റ്റുഡിയോസും മർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മിക്കുന്നത്.