പാലക്കാട്: ഓടികൊണ്ടിരുന്ന ബസ് തടഞ്ഞു നിർത്തി ആക്രമണം നടത്തിയ രണ്ട് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. പാലക്കാട്- തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശങ്കർ ബസിന് നേരെയാണ് വൈകിട്ട് അഞ്ച് മണിയോടെ ആക്രമണം നടന്നത്. കൂറ്റനാട് ഭാഗത്ത് വച്ചായിരുന്നു ബസിനെ അക്രമികൾ തടഞ്ഞു നിർത്തിയത്.
യാത്രക്കാരെയും കണ്ടക്ടറേയും യാത്രാമധ്യേ ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബസ് നിർത്തിയതോടെ ഇവർ ബസിനു നേരെ കല്ലെടുത്തെറിയുകയും ഗ്ലാസുകൾ പൊട്ടിക്കുകയും ചെയ്തു. അക്രമികൾ മദ്യ ലഹരിയിലായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. കണ്ടക്ടറുടെ പരാതിയിൽ ഇവർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായും പിടികൂടാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.