ഡൽഹി: ഐഎസ് ഭീകരാക്രമണ ഗൂഢാലോചനാ കേസിൽ രണ്ട് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. മഹാരാഷ്‌ട്രയിലും കർണാടകയിലുമായി 41 സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. റെയ്ഡിൽ 13 പേരെ അറസ്റ്റും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പൂനെ സ്വദേശികളാണ് അറസ്റ്റിലായത്.
കർണാടകയിലെ ചില സ്ഥലങ്ങളിലും മഹാരാഷ്‌ട്രയിൽ പൂനെ, താനെ റൂറൽ, താനെ നഗരം, മീരാ ഭയന്ദർ എന്നിവിടങ്ങളിലുമാണ് റെയ്ഡ്. ഐഎസ് കേസിൽ അന്താരാഷ്‌ട്ര തലത്തിൽ വലിയ ഗൂഢാലോചനയും വിദേശ ആസ്ഥാനമായുള്ള ഐഎസ് ഹാൻഡ്‌ലർമാരുടെ പങ്കാളിത്തവും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
നേരത്തെ, തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎസ്ഐഎസ് മൊഡ്യൂളിനെ കേന്ദ്ര ഏജൻസി തകർത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന് എൻഐഎയ്‌ക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് ജൂലൈ 11-നാണ് കേരളത്തിലെ കേസ് രജിസ്റ്റർ ചെയ്തത്.