സംവിധായകൻ അറ്റ്‌ലി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു രാജാ റാണി. ചിത്രത്തിൽ ആര്യയും നയൻതാരയുമായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. സിനിമയിലെ മറ്റൊരു കോംബോ ആയിരുന്ന നയൻതാര – ജെയ് ജോഡിയെയും ആരാധകർ ഏറ്റെടുത്തിരുന്നു. രാജാ റാണിയ്‌ക്ക് ശേഷം ഇരുവരും ഒന്നിച്ച ചിത്രം അന്നപൂർണിയായിരുന്നു. രാജാ റാണിയ്‌ക്ക് ശേഷം പത്ത് വർഷത്തിന് സേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിച്ചത്.
രാജാ റാണിയ്‌ക്ക് ശേഷം ഉടലെടുത്ത സൗഹൃദമാണോ അന്നപൂർണിയുടെ വിജയത്തിന് കാരണമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇരുവരോടും ചോദിക്കുകയുണ്ടായി. എന്നാൽ ഈ ചോദ്യത്തിന് താരങ്ങൾ നൽകിയ മറുപടിയാണ് ആരാധകരെ ഇപ്പോൾ അതിശയിപ്പിച്ചിരിക്കുന്നത്. രാജാ റാണിയ്‌ക്ക് ശേഷം ഇരുവരും തമ്മിൽ ഒരിക്കൽപോലും കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് നയൻതാരയും ജെയ്‌യും പറയുന്നു.
രാജാ റാണിയുടെ പാക്കപ്പ് ദിവസം യാത്ര പറഞ്ഞ് പിരിഞ്ഞതിന് ശേഷം പിന്നീട് ഒരിടത്തും ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോൾ പത്ത് വർഷം കഴിഞ്ഞിരിക്കുന്നു. ഒരു ഫോൺ കോൾപോലും ഇതിനിടെ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല. ഒരു പക്ഷേ പിന്നീട് നമ്മൾ കാണുന്നത് അന്നപൂർണിയുടെ ലൊക്കേഷനിലാണ്. എന്നാൽ അവിടെവെച്ച് കണ്ടപ്പോൾ ഒന്നും തോന്നിയില്ല. എപ്പോഴും പരിചയമുളള ഒരാളെപോലെ തന്നെ തോന്നി. വളരെ കംഫർട്ടബിളായി അഭിനയിക്കാനും സാധിച്ചു എന്നായിരുന്നു ചോദ്യത്തിന് നയൻതാര മറുപടി നൽകിയത്.
രാജാ റാണിയുടെ ഫീൽ എപ്പോഴും നമുക്കിടയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ നമ്മൾ സംസാരിക്കുമ്പോൾ പോലും ആരാധകർ ആഗ്രഹിക്കുന്ന ഒരു ഫീൽ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചു എന്നായിരുന്നു ജെയ്‌യുടെ മറുപടി. നയൻതാര ഓരോ ഷോട്ടും എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു അത് മനസിലാക്കി മുന്നോട്ട് പോകാൻ എനിക്കും സാധിച്ചു. ഞങ്ങൾ ഒരുപാട് സംസാരിക്കാറില്ലായിരുന്നു. എന്നാൽ ക്യാമറയ്‌ക്ക് മുന്നിൽ എങ്ങനെ അഭിനയിക്കണമെന്ന് ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു. പലപ്പോഴും മോണിറ്ററിൽ പോലും നോക്കാതെ തന്നെ ഞങ്ങൾക്ക് അഭിനയിക്കാൻ കഴിഞ്ഞിരുന്നു എന്നായിരുന്നു ജെയ്‌യുടെ വാക്കുകൾ.















