തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഐപിസി 124 ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഏഴ് വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പാണിത്.
വിഷയം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതോടെ നടപടിയെടുക്കാൻ പോലീസ് നിർബന്ധിതരാകുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് രാജ്ഭവനിലെത്തി ഗവർണറുടെ കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണരുടെ വാഹനം ആക്രമിച്ചത്. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ യൂണിവേഴ്സിറ്റി ലൈബ്രറിക്ക് സമീപത്ത് വച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയത്. ശേഷം ജനറൽ ആശുപത്രിക്ക് സമീപവും പേട്ടയിൽ വച്ചും എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ചു.