ശ്രീനഗർ : ജമ്മു കശ്മീരിൽ 105 കോടി രൂപ ചെലവിൽ പ്രത്യേക ജയിൽ നിർമ്മിക്കുന്നു . തീവ്രവാദികൾക്ക് മാത്രമായാണ് കാലാപാനിയ്ക്ക് തുല്യമായ രീതിയിൽ ഈ ജയിൽ ഒരുക്കുന്നത് . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയിൽ ഇക്കാര്യം പറഞ്ഞത് .
കഠുവയിലെ മഹാൻപൂരിലെ ദാംബ്ര മേഖലയിൽ അതീവ സുരക്ഷയുള്ള ഈ ജയിലിന്റെ നിർമ്മാണത്തിന്റെ തിരക്കിലാണ് തൊഴിലാളികൾ. 600 തടവുകാരെ മാത്രമേ ഈ ജയിലിൽ പാർപ്പിക്കുകയുള്ളൂ. കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ ജയിൽ സ്ഥലം സന്ദർശിച്ചിരുന്നു. ഏറ്റവും ഭയാനകമായ കുറ്റവാളികളെ ഈ അതീവ സുരക്ഷാ സെല്ലിൽ പാർപ്പിക്കും. പോർട്ട് ബ്ലെയറിലെ ജയിലിന് തുല്യമായ രീതിയിൽ ശക്തമായ സുരക്ഷയാകും ഇവിടെ ഒരുക്കുക.
ജമ്മു കശ്മീരിൽ നിന്ന് ഭീകരർക്ക് ഫണ്ടിംഗ് നൽകുന്ന ആവാസവ്യവസ്ഥ ഇല്ലാതാക്കുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധയെന്നും അമിത് ഷാ പറഞ്ഞിരുന്നു. ജമ്മു കശ്മീരിൽ ഒരു ഭീകരാക്രമണം പോലും നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മൂന്ന് വർഷത്തെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അത് 2026 ഓടെ വിജയകരമായി പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.