ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കായംകുളം മുൻസിപ്പാലിറ്റി വാർഡ് 32 ൽ നടന്ന വാശിയേറിയ മത്സരത്തിൽ എൻഡിഎ സീറ്റ് വൻഭൂരിപക്ഷത്തിൽ നിലനിർത്തി. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ബിജെപി പ്രതിനിധി സന്തോഷ് കണിയാംപറമ്പിൽ ആണ് 187 വോട്ടുകൾക്ക് വിജയിച്ചത്.
ബിജെപിയുടെ കൗൺസിലറായിരുന്ന ഡി അശ്വിനിദേവ് അപകടത്തെ തുടർന്ന് ചികിത്സയിലായതിനാൽ ആണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും, നിയമസഭാ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലുംഎൻഡിഎ വൻ കുതിപ്പ് നടത്തിയ നിയോജക മണ്ഡലമാണ് കായംകുളം.
2020 ലെ തദ്ദേശസ്വരം ഭരണ തിരഞ്ഞെടുപ്പിൽ, വാർഡുകളിൽ പുനക്രമീകരണം വന്നപ്പോൾ, താൻ മുൻപ് പ്രതിനിധീകരിച്ചിരുന്ന വാർഡ് സംവരണമായതിനെ തുടർന്നാണ് അശ്വനി ദേവ് വാർഡ് 32 ൽഎത്തി മത്സരിച്ചത്. സംഘപരിവാർ സംഘടനകൾക്കും ഭാരതീയ ജനതാ പാർട്ടിക്കും താരതമ്യേന കുറഞ്ഞ വേരോട്ടമുള്ള ഈ ഡിവിഷൻ കനത്ത പോരാട്ടത്തിൽ അശ്വിനിദേവ് പിടിച്ചെടുക്കുകയായിരുന്നു. തൊട്ടുപിന്നിൽ ഉണ്ടായിരുന്ന സിപിഎമ്മിലെ ടി എ അബ്ദുൽ നാസറിനെ ആറു വോട്ടുകൾക്കാണ് അന്ന് അശ്വിനിദേവ് തോൽപ്പിച്ചത്..
അതിനുശേഷം ഒരു കൗൺസിലർ എന്ന നിലയിൽ കായംകുളം മുനിസിപ്പാലിറ്റിയുടെ എല്ലാ പ്രദേശങ്ങളിലും നിറഞ്ഞ നിന്നിരുന്ന അശ്വിനിദേവ്, ആകസ്മികമായി ഒരു അപകടത്തിൽപെടുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായപ്പോൾ മുൻസിപ്പൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനാവാതെ വന്നപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡി അശ്വിനിദേവിന്റെ പ്രവർത്തനങ്ങൾക്കുള്ള സമ്മതിദാനം എന്ന നിലയിൽ കൂടിയായിരുന്നു തിരഞ്ഞെടുപ്പിനെ ജനങ്ങൾ നോക്കിക്കണ്ടത്. ബിജെപിയുടെ സംസ്ഥാന നേതാക്കൾ നിരന്തരം എത്തിച്ചേർന്നു പ്രചരണം നയിച്ച ഇവിടുത്തെ തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ഇൻചാർജ് ബിജെപിയുടെ സംസ്ഥാന കൗൺസിൽ അംഗമായ പാറയിൽ രാധാകൃഷ്ണൻ ആയിരുന്നു.
ഒടുവിൽ കടുത്ത വെല്ലുവിളിയെ നേരിട്ടുകൊണ്ട 187 വോട്ടുകൾക്കാണ് എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് കണിയാംപറമ്പിൽ വിജയിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാർഥി സന്തോഷ് കണിയാം പറമ്പിൽ 469 , എൽ ഡിഎഫ് സ്ഥാനാർഥി അബ്ദുൽ നാസർ 282 , യു ഡി എഫ് സ്ഥാനാർഥി ടെൻസി 186 , എന്നതാണ് വോട്ടു നില.
തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പുകളിൽ ആലപ്പുഴ ജില്ലയിൽ എൻഡിഎ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ട്..കടുത്ത മത്സരം നടന്ന തിരുവൻ വണ്ടൂർ ബ്ലോക്ക് ഡിവിഷൻ ബിജെപി നിലനിർത്തി. ബിജെപി സ്ഥാനാർഥി സുജന്യ ഗോപി 1459 വോട്ടുകൾക്ക് വിജയിച്ചു.
നരേന്ദ്ര മോഡി സർക്കാരിന്റെ ജനപ്രിയനയങ്ങൾക്കുള്ള അംഗീകാരമാണ് ഈ വൻ വിജയങ്ങൾ എന്ന് ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പ്രസ്താവിച്ചു.