മനുഷ്യനെ പോലെ ജോലികൾ ചെയ്യാൻ കഴിയുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത് ടെസ്ല. ‘ഒപ്റ്റിമസ് ജെൻ 2’ എന്നാണിതിന്റെ പേര്. ഈ വർഷമാദ്യം ടെസ്ല റോബോട്ടിന്റെ മാതൃക ആദ്യമായി പങ്കുവച്ചിരുന്നു. ഒപ്റ്റിമസ് ജെൻ 2 ഭാരം കുറഞ്ഞതും 30% അധിക വേഗതയുള്ളതും വളരെ സുഗമമായി പ്രവൃത്തിക്കാൻ കഴിയുന്നതും കൂടുതൽ കഴിവുള്ളതുമാണ്. നവീകരിച്ച റോബോട്ടിന് വേഗത്തിൽ സഞ്ചരിക്കാനും കൈകൾ ചലിപ്പിക്കാനും , സെൻസറുകൾ ഘടിപ്പിച്ച വിരലുകളുമുണ്ട്.
ഒപ്റ്റിമസ് എന്ന അടിക്കുറിപ്പ് നൽകി ഇലോൺ മസ്‌കാണ് എക്‌സിൽ റോബോട്ടിന്റെ ഡെമോ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ, ‘ഒപ്റ്റിമസ് ജെൻ 2’ ടെസ്ല ഫാക്ടറിയിലെ സൈബർട്രക്കിനിടയിൽ നിൽക്കുന്നതായി കാണാം. മെലിഞ്ഞിരിക്കുന്ന റോബോട്ടിന് തിളങ്ങുന്ന വെളുത്ത പുറംഭാഗമാണുള്ളത്. ശരീരം ബാലൻസ് ചെയ്യാൻ കഴിയുന്നതിനാൽ റോബോട്ട് സ്‌ക്വാട്ട് (squats) ചെയ്യുന്നുണ്ട്. കൂടാതെ, കൂടാതെ റോബോട്ട് പാചകം ചെയ്യുന്നതും മറ്റൊരു ഒപ്റ്റിമസ് ജെൻ 2 റോബോട്ടിനൊപ്പം നൃത്തം ചെയ്യുന്നതും മസ്‌ക് പങ്കുവച്ച വീഡിയോയിൽ കാണാം.
സുരക്ഷിതമല്ലാത്ത ജോലികൾ ചെയ്യുന്നതിൽ നിന്ന് മനുഷ്യരെ മാറ്റി നിർത്തുക എന്നതാണ് ഈ ‘ബൈപെഡൽ ഓട്ടോണമസ് ഹ്യൂമനോയിഡിന്റെ’ ലക്ഷ്യമെന്ന് ടെസ്ല പ്രസ്താവനയിലൂടെ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ റോബോട്ടിന്റെ സഹായം ഉപയോഗപ്പെടുത്താൻ ടെസ്‌ല പദ്ധതിയിടുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ്, യോഗ ചെയ്യുന്നതും നിറത്തിനനുസരിച്ച് കട്ടകൾ തരംതിരിച്ച് വയ്‌ക്കുകും ചെയ്യുന്ന മറ്റൊരു റോബോട്ടിന്റെ വീഡിയോയും ടെസ്ല പങ്കുവച്ചിരുന്നു.