വാണ്ടറേഴ്‌സ്: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് 202 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. നായകൻ സൂര്യകുമാർ യാദവിന്റെ(100) സെഞ്ച്വറിയും ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ(60) അർദ്ധസെഞ്ച്വറിയുമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. സൂര്യകുമാറിന്റെ കരിയറിലെ നാലാം ടി20 സെഞ്ച്വറിയാണിത്.
തുടക്കത്തിൽ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും യശസ്വി ജയ്‌സ്വാളും ചേർന്ന് തകർത്തടിച്ചു. എന്നാൽ കേശവ് മഹാരാജിന്റെ പന്തിൽ അമ്പയറുടെ തെറ്റായ എൽബിഡബ്ല്യു തീരുമാനത്തിൽ ഗിൽ(12) കൂടാരം കയറി. പിന്നീട് ക്രീസിലെത്തിയ തിലക് വർമ്മയും റൺസെടുക്കാനാവാതെ മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. നാലാമനായി എത്തിയ സൂര്യകുമാർ തകർത്തടിച്ചതോടെ ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം കൈവന്നു. മൂന്നാം വിക്കറ്റിൽ യശസ്വി ജയ്വാൾ- സൂര്യ കുമാർ സഖ്യം 112 റൺസാണ് സ്‌കോർ ബോർഡിൽ ചേർത്തത്.
പിന്നീട് നായകൻ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടമാണ് സ്‌കോർ ബോർഡ് 200 കടത്താൻ സഹായിച്ചത്. റിങ്കു സിംഗ്(14) ,ജിതേഷ് ശർമ(4), രവീന്ദ്ര ജഡേജ(4) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കായി കേശവ് മഹാരാജും ലിസാർഡ് വില്യംസും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. നന്ദ്രേ ബർഡർ, തബ്രിസ് ഷംസീ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കം തന്നെ പാളി. നിലവിൽ 8.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലാണ് ആതിഥേയർ. മൂന്ന് ഓവറിനിടെ 2 വിക്കറ്റാണ് പ്രോട്ടീസിന് നഷ്ടമായത്. റീസ ഹെൻഡ്രിക്‌സും മാത്യൂ ബ്രീറ്റ്‌സ്‌കെയും തുടക്കത്തിൽ തന്നെ കൂടാരം കയറി. പിന്നീട് ക്രീസിലെത്തി സ്‌കോർ ബോർഡ് ചലിപ്പിച്ച എയ്ഡൻ മാർക്രത്തെ(25) രവീന്ദ്ര ജഡേജ പുറത്താക്കി. ഹെന്റിച്ച് ക്ലാസനും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാവാതെ കൂടാരം കയറി. ദക്ഷിണാഫ്രിക്കയ്‌ക്കായി ഡേവിഡ് മില്ലറും ഡോണോവൻ ഫെരേരയുമാണ് ക്രീസിൽ നിലയുറപ്പിച്ചിട്ടുള്ളത്.