ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ സീസ് ഫയർ. പ്രഭാസിനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം 22 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, പേടിഎം, എന്നീ ആപ്ലിക്കേഷനുകൾ വഴി ടിക്കറ്റുകൾ റിസർവ് ചെയ്യാവുന്നതാണെന്ന് ഹോംബാലെ ഫിലിംസിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിൽ പറയുന്നു.
കെജിഎഫ് ചാപ്റ്ററുകൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക. ഹോംബാലെ ഫിലിംസാണ് ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഇതുവരെയുള്ള സിനിമാ മേഖലയുടെ കളക്ഷൻ മാറ്റിയെഴുതുന്ന ചിത്രമായിരിക്കും സലാർ എന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ മത്രമല്ല രാജ്യത്തിന് പുറത്തും സലാർ റെക്കോർഡുകൾ സ്വന്തമാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രം രണ്ട് ഭാഗങ്ങളായാകും പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യ ഭാഗമായ സലാർ പാർട്ട് 1- സീസ് ഫയർ ഡിസംബർ 22-ന് റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെത്തിക്കുന്നത്. ഒടിടി റൈറ്റ്സിന് 160 കോടി രൂപ സലാറിന് ലഭിച്ചു എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്.
രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത്. ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജഗപതി ബാബു, ഈശ്വരി റാവു, ബോബി സിൻഹ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.