ദീപ്തി ശർമ്മയുടെ ഓൾറൗണ്ട് പ്രകടനത്തിൽ ഇംഗ്ലണ്ടിനെ മൂന്നാം ദിനം ചുരുട്ടിക്കെട്ടി ടെസ്റ്റ് ചരിത്രത്തിലെ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. 347 റൺസിന്റെ ചരിത്ര വിജയമാണ് അവർ നേടിയത്. നാട്ടിൽ ഇംഗ്ലണ്ടിനെതിരെ നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്. രണ്ടാം ഇന്നിംഗ്സിൽ 479 റൺസെന്ന വിജയലക്ഷ്യമാണ് ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിന് മുന്നിൽ വച്ചത്. ഇന്ന് രാവിലത്തെ സെക്ഷൻ പൂർത്തിയാകും മുൻപേ 131 റൺസിന് ഓൾഔട്ടാവുകയായിരുന്നു അവർ.
മത്സരത്തിൽ നിന്നാകെ 9 വിക്കറ്റും 87 റൺസും നേടിയ ദീപ്തി ശർമ്മയാണ് കളിയിലെ താരം. ഇംഗ്ലണ്ട് നിരയിൽ 21 റൺസ് നേടിയ ഹെതർ നൈറ്റാണ് ടോപ് സ്കോറർ.രണ്ടാം ഇന്നിംഗ്സ് ഇന്ത്യ 186-6 എന്ന നിലയിൽ ഡിക്ളർ ചെയ്തിരുന്നു. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ശ്രീലങ്കയുടെ റെക്കോർഡാണ് ഇന്ത്യ മറികടന്നത്. 309 റൺസിന് പാകിസ്താനെ ലങ്ക 1998-ൽ തകർത്തിരുന്നു. ഈ റെക്കോർഡാണ് പഴങ്കഥയായത്.
രണ്ടാം ഇന്നിംഗ്സിലും നാശം വിതച്ച ദീപ്തി ശർമ്മ നാലു വിക്കറ്റ് നേടി. പൂജ വസ്ത്രാക്കറിന് മൂന്നും രാജേശ്വരി ഗെയ്ക്വാദിന് രണ്ടും രേണുക സിംഗിന് ഒരു വിക്കറ്റും ലഭിച്ചു. ആദ്യ ഇന്നിംഗ്സിൽ 428 റൺസ് ഉയർത്തിയ ഇന്ത്യ ഇംഗ്ലണ്ടിനെ 136 റൺസിന് പുറത്താക്കിയിരുന്നു.