സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സുവർണാവസരം. ഹിമാലയത്തിന്റെ ഭംഗി ആസ്വദിക്കാനായി ജിറോകോപ്ടർ സഫാരി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജിറോകോപ്റ്റർ സഫാരി ആണ് ഇത്.
വിനോദ സഞ്ചാര മേഖലയിൽ തന്നെ വലിയ മാറ്റങ്ങൾക്കായിരിക്കും ഇത് വഴിയൊരുക്കുക. ഈ സേവനം ഇന്ത്യയിൽ മാത്രമല്ലെന്നും ദക്ഷിണേഷ്യ മുഴുവനായും ഉണ്ടാകുമെന്നും ജിറോകോപ്ടർ സഫാരിക്ക് മേൽനോട്ടം വഹിക്കുന്ന സ്വകാര്യ കായിക കമ്പനിയുടെ സിഇഒ മനിഷ് സയിനി പറഞ്ഞു.
കാറ്റിന്റെ ഗതിയിൽ സഞ്ചരിക്കുന്ന വിമാനത്തിനോട് സമാനമായ വാഹനമാണ് ജിറോകോപ്ടർ. ഏറെ സുരക്ഷിതമാണ് ഇവ. പോലീസിന്റെ വിവിധ പ്രവർത്തനങ്ങൾക്കും അതിർത്തി നിയന്ത്രണത്തിനും വ്യാപകമായി ഇത് ഉപയോഗിച്ചുവരുന്നു. ഒരു ചെറിയ ഹെലികോപ്റ്റർ പോലെ ആയിരിക്കും ജിറോകോപ്റ്റർ. 2014 മുതൽ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ ഋഷികേശിൽ എയർ സഫാരി നടത്തുന്നുണ്ട്.
ഋഷികേശിൽ നിന്നാകും ജിറോകോപ്ടർ സവാരി ആരംഭിക്കുക. ഹിമാലയൻ മലനിരകളിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് നവ്യാനുഭവം നൽകും. ആദി കൈലാസും ഓം പർവതും ശിവ നഗരി ആയും കോർബറ്റും സിതാബനിയും ഒരു അനിമൽ കിങ്ഡം ആയും വികസിപ്പിക്കാൻ പദ്ധതികളുണ്ടെന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് വ്യക്തമാക്കി.
വിശ്വാസികളെയും സഞ്ചാരികളെയും ഒരു പോലെ ആകർഷിക്കുന്ന പ്രദേശമാണ് ഉത്തരാഖണ്ഡ്. ഋഷികേശ്, നൈനിറ്റാൾ, മസൂറി, ജിം കോർബറ്റ് നാഷണൽ പാർക്ക്, ഹരിദ്വാർ, കേദാർ നാഥ്, ബദരിനാഥ് തുടങ്ങി വലിയ വിസ്മയങ്ങളാണ് ഉത്തരാഖണ്ഡിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. സ്ത്രീകൾക്ക് സുരക്ഷിതമായ കേന്ദ്രങ്ങളാണ് ഉത്തരാഖണ്ഡിലെ വിനോദ തീർത്ഥാടന കേന്ദ്രങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.