മനസിന്റെ ആരോഗ്യമാണ് ശരീരത്തിന്റെ ആരോഗ്യം. മികച്ച ശാരീരിക ആരോഗ്യമുണ്ടായാൽ പോലും മാനസിക ആരോഗ്യം മോശമായാൽ അത് ആയുസിനെ വരെ പ്രതികൂലമായി ബാധിക്കും. മനസിന്റെ വ്യതിയാനം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ മാനസിക സമ്മർദ്ദത്തിൽ നിന്ന് രക്ഷ തേടാവുന്നതാണ്. വ്യായമവും ഉറക്കവും മാനസിക സമ്മർദ്ദത്തെ ലഘൂകരിക്കുന്നു. ഇതിനൊക്കെ പുറമേ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതോ ശീലിക്കുന്നതോ നിർത്തുന്നതും സമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും.
പലരും പല രീതിയിലാകും സമ്മർദ്ദത്തോട് പ്രതികരിക്കുക. ചിലർ അമിത സമ്മർദ്ദമുള്ളപ്പോൾ അമിതമായി ആഹാരം കഴിക്കും. മറ്റ് ചിലർ ഭക്ഷണം കഴിക്കുന്നത് നിർത്തും. ചിലർക്ക് ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുമ്പോൾ സമ്മർദ്ദം കുറഞ്ഞത് പോലെ തോന്നാം. എന്നാൽ ഇത്തരത്തിൽ സുരക്ഷിതമെന്ന് കരുതുന്ന പല ആഹാരവും അത്ര സുരക്ഷിതമല്ലെന്ന പഠനമാണ് പുറത്തുവരുന്നത്. അത്തരത്തിൽ സുരക്ഷിതമല്ലാത്ത ചില ആഹാരമിതാ..
1) മധുര പലഹാരങ്ങൾ
മധുരം അടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് താത്കാലിക ആനന്ദം നൽകിയേക്കാം. എന്നാൽ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കാൻ മാത്രമാകും ഇത് സഹായിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നത് വഴി മൂഡ് മാറുന്നു. ഉത്കണ്ഠ വർദ്ധിപ്പിക്കാനും കാരണമായത്.
2) സംസ്കരിച്ച ഭക്ഷണങ്ങൾ
ചിപ്സ്, ബേക്ക്ഡ് ഫുഡ്സ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളും മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇവയിൽ പലതിലും ഉയർന്ന അളവിൽ ഉപ്പ് ചേർന്നിട്ടുണ്ട്. മാനസികാവസ്ഥയെയും ഊർജ്ജ നിലയെയും പ്രതികൂലമായി ബാധിക്കാൻ സംസ്കരിച്ച ആഹാരങ്ങൾ കാരണമാകുന്നു.
3) കഫീൻ അടങ്ങിയ ആഹാരം
ഒരു കപ്പ് കാപ്പി ഞൊടിയിടയിലുള്ള ഊർജ്ജം നൽകുന്നു. അതുകൊണ്ട് ചായയും കാപ്പിയും എല്ലാവരുടെയും ഇഷ്ടക്കാരാണ്. എന്നാൽ അമിതമായി കഫീൻ കഴിക്കുന്നത് ഹൃദയമിടിപ്പ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ശരീരത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയയും സമ്മർദ്ദം വർദ്ധിപ്പിക്കാനും കഫീൻ അടങ്ങിയ ആഹാരം കാരണമാകുന്നു.
4) അമിത അളവിലുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങൾ
ഊർജ്ജത്തിന്റെ പ്രാഥമിക സ്രോതസ്സാണ് കാർബോഹൈഡ്രേറ്റുകൾ. വൈറ്റ് ബ്രെഡ്, പാസ്ത എന്നിവയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ തിരഞ്ഞെടുക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമാകുന്നു.
5) കൊഴുപ്പേറിയ ഭക്ഷണങ്ങൾ
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പേറിയ മാസം എന്നിവ അമിതമായി കഴിക്കുന്നത് സമ്മർദ്ദം സൃഷ്ടിക്കാൻ കാരണമാകുന്നു. താത്കാലികമായി ആശ്വാസം നൽകിയാലും ഇവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ശരീരത്തിൽ വീക്കത്തിനും ഇത് കാരണമാകുന്നു.
മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷ തേടനായി യോഗ പോലുള്ള വ്യായമമുറകൾ പരിശീലിക്കുന്നത് നല്ലതാണ്. മുട്ട, ബെറി പഴങ്ങൾ, ഇലക്കറികൾ, നട്സ്, നേത്രപ്പഴം,ഡാർക്ക് ചോക്ലേറ്റ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും സ്ട്രസ് പമ്പ കടത്താൻ മികച്ച ഭക്ഷണങ്ങളാണ്.