കോഴിക്കോട്: കോഴിക്കോട് സർവകലാശാല വൈസ് ചാൻസിലർ എം. കെ ജയരാജിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയ്ക്ക് നിർദ്ദേശം നൽകിയിട്ടും ഗവർണർക്ക് എതിരായ എസ്എഫ്ഐയുടെ ബാനറുകൾ നീക്കം ചെയ്യാത്തതിനാലാണ് നടപടിയെടുക്കുന്നത്. ചാൻസിലറായ ഗവർണർ നടപടികൾ ആരംഭിച്ചതായാണ് പുറത്തുവരുന്ന സൂചന.
അതേസമയം കോഴിക്കോട് സർവകലാശാലയിൽ ഇന്ന് വൈകിട്ട് നടക്കുന്ന സെമിനാറിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. ശ്രീനാരായണ ഗുരു, നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുത്ത് സംസാരിക്കുന്നത്.
കോഴിക്കോട് സർവ്വകലാശാല സനാതന ധർമ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഗവർണർക്കെതിരായുള്ള എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത പോലീസ് സുരക്ഷയിലാണ് സർവകലാശാല ക്യാമ്പസിൽ സെമിനാർ ഒരുക്കിയിരിക്കുന്നത്.