തിരുവനന്തപുരം: ഗവർണർക്കെതിരെ ക്യാമ്പസുകളിൽ ബാനറുകൾ സ്ഥാപിച്ച എസ്എഫ്‌ഐയ്‌ക്ക് അതേ നാണയത്തിൽ മറുപടി നൽകി എബിവിപി. സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരത്തെ ക്യാമ്പസ്, ശ്രീ വിവേകാന്ദ കോളേജ്, പന്തളം എൻഎസ്എസ് കോളേജ് തുടങ്ങിയ ക്യാമ്പസുകളിലാണ് മറുപടി ബാനറുകൾ ഉയർന്നത്. ഗവർണർക്ക് അഭിവാദ്യം അർപ്പിക്കുന്നതിനൊപ്പം എസ്എഫ്‌ഐക്കെതിരെ വിമർശനവും ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ബാനറിലെ വാചകങ്ങൾ.
ഉന്നാൽ മുടിയവേ.. മുടിയാത് തമ്പി എന്നായിരുന്നു സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരം ക്യാമ്പസിൽ എബിവിപി സ്ഥാപിച്ച വാചകം. ‘കേരളത്തിലെ ക്യാമ്പസുകൾ എസ്എഫ്‌ഐയുടെ കുടുംബ സ്വത്തല്ല’ എന്ന് വിവേകാനന്ദ കോളേജിലും ‘ഗവർണർ സഖാവല്ല, ചാൻസലറാണെന്ന്’ പന്തളം ക്യാമ്പസിലും സ്ഥാപിച്ച് ബാനറുകളിൽ എബിവിപി കുറിച്ചു. ഇവയെ കൂടാതെ കേരളമെമ്പാടുമുള്ള നിരവധി ക്യാമ്പസുകളിൽ ഗവർണർക്ക് പിന്തുണ അറിയിച്ച് എബിവിപി ബാനറുകൾ സ്ഥാപിച്ചു.
എസ്എഫ്‌ഐയുടെ അതിക്രമത്തിന് വേറിട്ട മറുപടിയാണ് ഗവർണർ ഇന്ന് നൽകിയത്. തനിക്ക് പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ച ശേഷം കോഴിക്കോട് മിഠായി തെരുവിലെത്തിയ അദ്ദേഹം ജനങ്ങളുമായി സംവദിച്ചു. കുട്ടികൾക്കൊപ്പം സെൽഫിയെടുക്കുകയും വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വ്യാപാരികളോട് സംസാരിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം പൊതുജനമദ്ധ്യത്തിൽ ചെലവഴിച്ച ശേഷമാണ് ഗവർണർ മിഠായി തെരുവിൽ നിന്നും മടങ്ങിയത്.