എറണാകുളം: കേരളത്തിലെ സർവ്വകലാശാലകളുടെ ഭരണം ഇടതുപക്ഷത്തിന്റെ കയ്യിൽ നിന്ന് നഷ്ടമാകുമെന്ന ഭയമാണ് സിപിഎമ്മിനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർവ്വകലാശാലകളിലെ സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃതനിയമനങ്ങൾ, പാർട്ടി നിയമനങ്ങൾ, യോഗ്യതയില്ലാത്ത വൈസ് ചാൻസലർമാരെ നിയമിക്കുന്നതെല്ലാം നിർത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. ഇതോടെ സർവ്വകലാശാലകളിലെ ആധിപത്യം സിപിഎമ്മിന് നഷ്ടമായതിലെ വൈരാഗ്യമാണ് ഗവർണറോട് കാണിക്കുന്നത്. ആലുവയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർക്കെതിരെ വച്ച പോലുള്ള ബാനർ മുഖ്യമന്ത്രിക്കെതിരെ വെക്കാൻ പറ്റുമോയെന്നും മാരാർജി ഭവനിൽ നിന്നും ശുപാർശയ്‌ക്കായി ലിസ്റ്റ് കൊടുക്കുന്ന പതിവ് ബിജെപിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സിപിഎം നടത്തുന്ന തെരുവ് യുദ്ധം ഗവർണറെ ഭീഷണിപ്പെടുത്താൻ വേണ്ടിയുള്ളതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തിപരമായി ഗവർണറെ അധിക്ഷേപിക്കുകയാണ്. യുഡിഎഫ് ഭരണകാലത്തും സർവ്വകലാശാലകളിൽ സിപിഎമ്മിന്റെ ആധിപത്യമായിരുന്നു. അന്ന് സർവ്വകലാശാലകളിലേക്ക് ഗവർണർമാർ അയച്ചിരുന്നത് ചീഫ് സെക്രട്ടറിമാരെയായിരുന്നു. എന്നാൽ ഇന്ന് മാർകിസ്റ്റ് പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി. സർവ്വകലാശാലകളുടെ ഭരണം അവരുടെ കയ്യിൽ നിന്നും പോയി. സെനറ്റിലേക്ക് ആളുകളെ ശുപാർശ ചെയ്യാൻ സിപിഎം മന്ത്രിയെ നിശ്ചയിച്ചത് തെറ്റാണ്. കേരളത്തിലെ സർവ്വകലാശാലകൾക്ക് സ്വയംഭരണാവകാശം കൊടുക്കുകയാണ് ഗവർണർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലറായ ഗവർണറെ എവിടെയും കാലുകുത്താൻ അനുവദിക്കില്ലെന്നാണ് എസ്എഫ്‌ഐ പറയുന്നത്. ഇങ്ങനെ പറഞ്ഞ എസ്എഫ്‌ഐ നേതാവിന്റെ നിലപാടിനെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യേണ്ടത്. ഗവർണർക്കെതിരെ തെമ്മാടിത്തരമാണ് എസ്എഫ്‌ഐ നടത്തുന്നത്. ജെഎൻയുവിനെ സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ കേരളത്തിലെ സർവ്വകലാശാലകളിലും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു കൊണ്ടുവരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.















