കൊല്ലം: തമിഴ്നാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാദൗത്യവുമായി സേവാഭാരതി. കരുനാഗപ്പള്ളി ഖണ്ഡ് പ്രൗഢപ്രമുഖിന്റെ നേതൃത്വത്തിലുള്ള സംഘം ബോട്ടുമായി ദുരിതബാധിത മേഖലകളിലേക്ക് യാത്രതിരിച്ചു. തിരുനെൽവേലി മേഖല കേന്ദ്രീകരിച്ചാണ് ഇവർ രക്ഷാപ്രവർത്തനം നടത്തുക.
കഴിഞ്ഞ കുറെ മണിക്കൂറുകളായി കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകളിലെ ജനജീവിതം ദുരിതത്തിലാണ്. നൂറുകണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്.
മഴ ശക്തമായ സാഹചര്യത്തിൽ 7,500-ത്തിലധികം പേരെയാണ് പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചത്. നാവികസേനയുടെയും വ്യോമസേനയുടെയും അഞ്ച് ഹെലികോപ്റ്ററുകൾ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാദൗത്യവും അവശ്യസേവന വിതരണവുമായി രംഗത്തുണ്ട്. എൻഡിആർഎഫ് ടീമുകൾക്കൊപ്പം പതിനഞ്ച് എസ്ഡിആർഎഫ് ടീമുകളും രക്ഷപ്രവർത്തനങ്ങളിൽ സജീവമാണ്.