തായ്പേയ് സിറ്റി: കലശലായ നടുവേദനയെ തുടർന്നായിരുന്നു അവൾ ആശുപത്രിയിലെത്തിയത്. ഡോക്ടർമാർ അവളെ പരിശോധിച്ചു. ഉടൻ തന്നെ അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്തു. നേരെ ഓപ്പറേഷൻ റൂമിലേക്ക്.. അഞ്ച് മി.മീ മുതൽ 2 സെന്റി മീറ്റർ വരെയുള്ള 300-ഓളം കല്ലുകളായിരുന്നു യുവതിയുടെ ശരീരത്തിൽ നിന്നും ഡോക്ടർമാർ കണ്ടെത്തിയത്. ഒപ്പം അവളുടെ രക്തത്തിൽ ശ്വേതരക്താണുക്കളുടെ അളവും വളരെ കൂടുതലായിരുന്നു. തായ്വാനിലെ തയ്നാൻ സ്വദേശിനിയും 20-കാരിയുമായ ഷിയോ യുവായിരുന്നു ഈ ദുരവസ്ഥ നേരിട്ടത്.
കിഡ്നി സ്റ്റോൺ കാരണം അവളുടെ വൃക്കകൾ നീരുവച്ച് വീർത്തിരുന്നു. അതുകൊണ്ടായിരുന്നു കടുത്ത പനിയും നടുവേദനയും യുവതിക്ക് അനുഭവപ്പെട്ടിരുന്നത്. മൂത്രാശയത്തിൽ ഇത്രമാത്രം കല്ലുകൾ എങ്ങൻെ രൂപപ്പെട്ടുവെന്നതിനുള്ള ഉത്തരം അവളുടെ ജീവിതശൈലി തന്നെയായിരുന്നു. വെള്ളം ദാഹിക്കുമ്പോഴെല്ലാം ‘ബബിൾ ടീ’ (ഒരു പ്രത്യേക തരം ചായ) ആയിരുന്നു യുവതി കുടിച്ചിരുന്നത്. ഇത് ശീലമാക്കിയതിന്റെ പരിണിതഫലമായിരുന്നു മുന്നൂറോളം വരുന്ന കിഡ്നി സ്റ്റോണുകൾ.
എന്താണ് ബബിൾ ടീ
‘ബോബ ടീ’ എന്നും പേൾ ‘മിൽക്ക് ടീ’ എന്നും അറിയപ്പെടുന്ന ബബിൾ ടീ തായ്വാനിൽ വളരെയധികം ജനപ്രീതിയാർജിച്ചിട്ടുള്ള ഒരു കോൾഡ് ടീ ബിവറേജാണ്. യുവാക്കളും കൗമാരക്കാരുമാണ് പ്രധാന ഉപഭോക്താക്കൾ. 1980കളിലാണ് ഇത് രാജ്യത്ത് അവതരിപ്പിച്ചത്. വിവിധ ഫ്ളേവറുകളിൽ ഇവ ലഭ്യമാണ്. വല്ലപ്പോഴും ഒരിക്കൽ ഇത് കുടിക്കുന്നത് പ്രശ്നമല്ലെങ്കിലും ദിവസേന അകത്താക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് രാജ്യത്തെ ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
തായ്വാനിലെ 9.6 ശതമാനം ആളുകൾക്കിടയിലും മൂത്രാശയ കല്ലുകൾ കാണപ്പെടുന്നു. ബബിൾ ടീ അടക്കമുള്ള അനാരോഗ്യകരമായ പാനീയങ്ങൾ നിത്യേന കുടിക്കുന്നതാണ് ഇതിന് പ്രധാന കാരണം. വെള്ളത്തിന് ബദലായി മറ്റ് ബിവറേജുകൾ കുടിക്കുന്നത് വഴി ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുകയും ഇത് പലതരത്തിലുള്ള മൂത്രാശയ രോഗങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. രാജ്യത്തെ പുരുഷന്മാരിൽ മൂത്രാശയ രോഗങ്ങൾക്കുള്ള സാധ്യത സ്ത്രീകളേക്കാൾ മൂന്ന് മടങ്ങ് കൂടുതലാണെന്നാണ് മറ്റൊരു കണ്ടെത്തൽ. 50-60 ഇടയിൽ പ്രായമുള്ളവരിലാണ് അധികവും ഈ രോഗം കാണാൻ കഴിയുക.