ചെന്നൈ: തെക്കൻ തമിഴ്‌നാട് പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടവെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇൻഡി യോഗത്തിനായി ഡൽഹിയിലെത്തിയതിനെതിരെ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന ഘടകം രംഗത്തുവന്നു. പ്രധാനമന്ത്രിയെ കാണാനെന്ന പേരിൽ സ്റ്റാലിൻ ഡൽഹിയിലെത്തിയത് ഇൻഡി മുന്നണി യോഗത്തിൽ പങ്കെടുക്കാനാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ജനങ്ങൾ കഷ്ടത അനുഭവിക്കുമ്പോൾ സ്വന്തം കാര്യം നോക്കിപോകുന്ന പിതാവ് കരുണാനിധിയുടെ പാതയിലൂടെയാണ് സ്റ്റാലിൻ സഞ്ചരിക്കുന്നതെന്നും ബിജെപി വിമർശിച്ചു.
2009 ൽ ശ്രീലങ്കയിൽ തമിഴ് ജനതയെ കൂട്ടക്കൊലചെയ്ത വേളയിൽ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി ഡൽഹിയിൽ സോണിയയുമായി സീറ്റ് വിഭജന ചർച്ചയിൽ മുഴുകുകയായിരുന്നു. ഇന്ന് ചരിത്രം വീണ്ടും ആവർത്തിച്ചിരിക്കുന്നു. തെക്കൻ ജില്ലകൾ പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുമ്പോൾ മുൻകൂട്ടി നിശ്ചയിച്ച ഇൻഡി സഖ്യ യോഗത്തിലാണ് സ്റ്റാലിൻ. തന്റെ പിതാവിനേക്കാൾ അപകടകാരിയാണ് സ്റ്റാലിനെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും ബിജെപി ട്വിറ്ററിൽ കുറിച്ചു.
ഇൻഡി സഖ്യ യോഗത്തില് പങ്കെടുക്കാൻ സ്റ്റാലിൻ കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിലെത്തിയിരുന്നു. യോഗത്തിന് മുന്നോടിയായി ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഡൽഹി തമിഴ്‌നാട് ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇതുവരെ 3 മരണങ്ങൾ സ്ഥിരീകരിച്ചു. നിരവധിപേർ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. സൈന്യവും വ്യോമസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.