ലക്‌നൗ: രണ്ട് വർഷത്തിനിടെ വാരണാസി സന്ദർശിച്ച വിനോദ സഞ്ചാരികളുടെ കണക്കുകൾ പുറത്തുവിട്ട് ഉത്തർപ്രദേശ് ടൂറിസം വകുപ്പ്. രണ്ട് വർഷം കൊണ്ട് 13 കോടി ജനങ്ങളാണ് വാരണാസി സന്ദർശിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ഡിസംബർ 2 വരെ 5.38 കോടി വിനോദസഞ്ചാരികൾ കാശി സന്ദർശിച്ചു. 2023 ഓഗസ്റ്റിലാണ് വാരണാസിയിൽ ഏറ്റവും കൂടുതൽ ആൾക്കാർ എത്തിയത്. 97,22,206 വിനോദസഞ്ചാരികളാണ് ഓഗസ്റ്റിൽ വാരണാസിയിലെത്തിയത്.
ജൂലൈയിൽ 72,62,891 വിനോദസഞ്ചാരികൾ വാരണാസിയിൽ എത്തി. ജനുവരി-44,29,590, ഏപ്രിൽ- 42,67,858, ഫെബ്രുവരി- 41,34,807, മാർച്ച്- 37,81,060, മേയ്- 32,25,476, ജൂൺ- 36,96,346, സെപ്റ്റംബർ- 38,97,842, ഒക്ടോബർ- 55,674 ,നവംബർ- 48,26,776 എന്നിങ്ങനെയാണ് വിവിധ മാസങ്ങളിലെ കണക്കുകൾ. ഓഗസ്റ്റിൽ 97 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ വാരണാസി സന്ദർശിച്ചു. സമീപകാലത്തായി ദ്രുതഗതിയിലുള്ള വികസനത്തിനാണ് വാരണാസി സാക്ഷ്യം വഹിച്ചത്. ഇതോടെ ക്ഷേത്ര നഗരത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായി.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന പദ്ധതികളുമാണ് വാരണാസിയുടെ മുഖം മിനുക്കിയത്. ഉത്തർപ്രദേശിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതായി ഡാറ്റ തെളിയിക്കുന്നു. വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കുന്നത് വ്യാപാരവും ബിസിനസ്സും വളരുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വഴി തെളിച്ചിട്ടുണ്ട്.