ന്യൂഡൽഹി: ഭാഷയെ ചൊല്ലി ഇൻഡി യോഗത്തിൽ തർക്കം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഡിഎംകെ നേതാവ് ടി.ആർ. ബാലുവിനോട് കയർത്ത് സംസാരിച്ചത്. തന്റെ ഹിന്ദിയിലുള്ള പ്രസംഗത്തിന് തർജ്ജമ ആവശ്യപ്പെട്ട ബാലുവിനെ നിതീഷ് ശകാരിക്കുകയായിരുന്നു. എല്ലാവരും ഹിന്ദി അറിഞ്ഞിരിക്കണമെന്നും എല്ലായിപ്പോഴും തർജ്ജമ സാധിക്കില്ലെന്നും നിതീഷ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മൂന്ന് ഇൻഡി മുന്നണി യോഗത്തിലും ആർജെഡി നേതാവായ മനോജ് കെ ഝായായിരുന്നു ഹിന്ദി പ്രസംഗങ്ങൾ തർജ്ജമ ചെയ്ത് ഇംഗ്ലീഷിൽ അവതരിപ്പിച്ചിരുന്നത്. നിതീഷ് കുമാറിന്റെയും സ്വന്തം നേതാവ് ലാലു പ്രസാദ് യാദവിന്റെയും പ്രസംഗങ്ങൾ ഇത്തരത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരുന്നു. ഇത്തവണയും നിതീഷിന്റെ പ്രസംഗത്തിന് ശേഷം മനോജിനോട് ഇംഗ്ലീഷ് പരിഭാഷ ടി.ആർ. ബാലു ആവശ്യപ്പെട്ടു. തുടർന്നാണ് നിതീഷ് കുപിതനായി സംസാരിച്ചത്. ഹിന്ദി രാഷ്‌ട്ര ഭാഷയാണെന്നും എല്ലാവരും അത് മനസിലാക്കിയിരിക്കണമെന്നും ബിഹാർ മുഖ്യമന്ത്രി ഡിഎംകെ നേതാവിനോട് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വ ചർച്ചകളെ തുടർന്നും മുന്നണി യോഗത്തിൽ പൊട്ടിത്തെറികൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. മമതയും കെജ്‌രിവാളും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജ്ജുൻ ഖാർഗെയുടെ പേര് നിർദ്ദേശിച്ചത് നിതീഷ് കുമാറിനും ലാലു പ്രസാദ് യാദവിനും നീരസമുണ്ടാക്കി. ഇതാണ് യോഗം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും ഹോട്ടൽവിട്ട് പോകാൻ കാരണമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സീറ്റ് വിഭജനമാകും യോഗത്തിന്റെ പ്രധാന അജണ്ടയെന്നായിരുന്നു നേതാക്കളെല്ലാം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ ധാരണയിലെത്താനും കഴിഞ്ഞ ദിവസത്തെ യോഗത്തിന് സാധിച്ചില്ല. സംയുക്ത പത്രസമ്മേളനമാണ് സാധാരണയായി ഇൻഡി യോഗത്തിന് ശേഷം നടത്താറുള്ളത്. എന്നാൽ മല്ലികാർജ്ജുൻ ഖാർഗെ മാത്രമാണ് ഔദ്യോഗിക പത്രസമ്മേളനത്തിൽ എത്തിയത്.















