ന്യൂഡൽഹി: പ്രതിപക്ഷ എംപിമാർ ഉപരാഷ്ട്രപതിയെ അധിക്ഷേപിച്ച സംഭവത്തിൽ വിമർശനവുമായി രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റ് മന്ദിരത്തിൽ വച്ച് ഉപരാഷ്ട്രപതിയെ അധിക്ഷേപിച്ച സംഭവം തന്നെ അതിശയിപ്പിച്ചതായി രാഷ്ട്രപതി പറഞ്ഞു. പാർലമെന്റ് അംഗങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. എന്നാൽ അത് മാന്യതയും മര്യാദയും പാലിച്ചുകൊണ്ടായിരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
ബഹുമാനപ്പെട്ട ഉപരാഷ്ടപതിക്കെതിരെ നടന്ന അധിക്ഷേപം തന്നെ അതിശയിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. എന്നാൽ അഭിപ്രായ പ്രകടനം മാന്യതയും മര്യാദയും പാലിച്ചുകൊണ്ടായിരിക്കണം. അതാണ് നമ്മൾ അഭിമാനത്തോടെ കാത്തുസൂക്ഷിക്കുന്ന പാർലമെന്റിന്റെ പാരമ്പര്യം. അത് അംഗങ്ങൾ കാത്തുസൂക്ഷിക്കുമെന്ന പ്രതീക്ഷയാണ് ഭാരതത്തിലെ ജനങ്ങൾക്കുള്ളതെന്നും രാഷ്ട്രപതി എക്സിൽ കുറിച്ചു.
ഉപരാഷ്ട്രപതിയെ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് ദുഖം രേഖപ്പെടുത്തിയിരുന്നു. ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിക്ക് നേരെ നടന്ന അതിക്രമം നിർഭാഗ്യകരമായിപ്പോയിയെന്നും താനും വർഷങ്ങളായി ഇത്തരം അധിക്ഷേപങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം ഉപരാഷ്ട്രപതിയോട് പറഞ്ഞു.
സംഭവത്തിനെതിരെ കഴിഞ്ഞ ദിവസം തന്നെ ഉപരാഷ്ട്രപതി രംഗത്തുവന്നിരുന്നു. കർഷക വിഭാഗത്തിലുള്ള വ്യക്തി ആയതിനാലാണോ തന്നെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നതെന്ന് അദ്ദേഹം സഭയിൽ വച്ച് പ്രതിപക്ഷ എംപിമാരോട് ചോദിച്ചു. സംഭവം അംഗീകരിക്കാൻ സാധിക്കില്ലെന്നും മുതിർന്ന അംഗങ്ങളുടെ ഭാഗത്തുനിന്നുതന്നെ ഇത്തരം പ്രവൃത്തികൾ ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.