മലയാള സിനിമയ്‌ക്ക് പ്രേക്ഷകർ ഇപ്പോൾ വലിയ പ്രാധാന്യം നൽകുന്നില്ലെന്ന് നടനും നിർമ്മാതാവുമായ ജി സുരേഷ് കുമാർ. ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ പലതും തനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ലെന്നും ആളുകളുടെ അഭിരുചികൾ തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രം ‘ലിയോ’ വലിയ സംഭവമായി തോന്നിയില്ല. തമിഴിലെ യുവ സംവിധായകരായ ലോകേഷിനെയും നെൽസനേയും ഫോളോ ചെയ്യുന്നത് പോലെ ആരാധകർ മലയാള സിനിമയെ കൂടി നോക്കിക്കാണണം എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ..
അടുത്തിടെ മലയാളത്തിൽ ഹിറ്റായ ഒരു സിനിമയാണ് ‘രോമാഞ്ചം’. ആ സിനിമ കണ്ടിട്ട് എല്ലാവരും പറഞ്ഞു കോമഡി പടമാണെന്ന് എന്നാൽ എനിക്ക് ചിരിയൊന്നും വന്നില്ല. എന്നാൽ ആ സിനിമ മോശമാണെന്ന അഭിപ്രായവും എനിക്കില്ല. മുൻപ് ഞാനെടുത്ത പല സിനിമകളിലും ആദ്യ ദിനം വല്ലാത്തൊരു തിരക്കും തള്ളിക്കയറ്റവും ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ അഭിരുചികൾ മാറിയിരിക്കുന്നു. പ്രേക്ഷകർ ലോകേഷ് കനകരാജിനും നെൽസണിനുമൊപ്പമാണ.്
അന്യഭാഷ ചിത്രങ്ങൾക്ക് നൽകുന്ന പ്രാധാന്യം നിങ്ങൾ മലയാള സിനിമയ്‌ക്കും നൽകുന്നുണ്ടോ എന്ന് സംശയമാണ്. പുതിയ തലമുറയിലെ രോമാഞ്ചം എന്ന സിനിമ എന്റെ അഭിരുചിയ്‌ക്ക് ചേർന്നതല്ല. കാരണം ഞാനൊരു പഴയ ആളാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ കഥ കേൾക്കുമ്പോൾ എനിക്ക് ആശയക്കുഴപ്പമാകും. ഞാൻ മോളോട് പറയും, കഥ നീ കൂടി ഒന്ന് കേൾക്കണമെന്ന്.
പിന്നെ ലോകേഷിനെ പോലെ മികച്ച സംവിധായകർ മലയാളത്തിലുമുണ്ട്. തമിഴ് സിനിമയ്‌ക്ക് ഇവിടെ വലിയൊരു ആരാധന പിന്തുണ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ലിയോ എന്ന സിനിമ അവർക്ക് വലിയ സംഭവമായി തോന്നിയത്. എന്നാൽ എനിക്ക് ആ സിനിമ ഒരു സംഭവമായി തോന്നിയില്ല. ക്ലൈമാക്‌സിൽ നായകൻ 200 പേരെയാണ് ഒരേ സമയം ഇടിച്ചിടുന്നത്. എന്നാൽ ആരാധകർ ആവേശത്തോടെ കൈയ്യടിക്കുന്നു. അത്തരം സിനിമകൾ നിങ്ങൾക്ക് ആവേശമായിരിക്കാം എന്നാൽ അതൊന്നും എനിക്ക് ദഹിക്കില്ല, തലമുറകളുടെ വ്യത്യാസം വരുന്നത് കൊണ്ടാണെന്നും സുരേഷ് കുമാർ പറഞ്ഞു.