തിരുവനന്തപുരം: കേരളത്തിന് ദൈവം നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വി.എൻ. വാസവൻ. 2018 ലെ പ്രളയകാലത്തും കൊറോണ കാലത്തും കേരളത്തിലെ ജനങ്ങളെ രക്ഷിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ തൊടാൻ ആർക്കും കഴിയില്ല. അദ്ദേഹത്തിനായി കേരളത്തിലെ ജനങ്ങൾ രക്ഷാകവചം ഒരുക്കും. തങ്ങളുടെ രക്ഷകനായ മുഖ്യമന്ത്രിയെ കാണാനായി നവകേരള സദസിലേക്ക് ആളുകൾ ഓടിയെത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏഴുവർഷത്തിനിടെ കിടപ്പാടമില്ലാത്തവന് കിടപ്പാടം ഉണ്ടാക്കി കൊടുത്തു. നാലുലക്ഷത്തിൽപരമാളുകൾക്കാണ് ഇത്തരത്തിൽ കയറിക്കിടക്കാൻ കൂര ലഭിച്ചത്. സംസ്ഥാനത്തെ ജനങ്ങൾക്ക് 1600 രൂപയാണ് പെൻഷനായി നൽകുന്നത്. ഉന്നത വിദ്യാഭ്യാസം ലഭിച്ച കുട്ടികൾ വിദേശത്തേക്ക് പോകാതെ കേരളത്തിൽ തൊഴിൽദായകരാകുന്നു. ഇതിനെയാണ് നവകേരളമെന്ന് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രളയകാലത്തും കൊറോണ സമയത്തും കേരളത്തെ രക്ഷിച്ച മുഖ്യമന്ത്രിയെ കാണാനാണ് നവകേരള സദസിലേക്ക് ജനങ്ങൾ എത്തുന്നത്. ടെലിവിഷൻ സീരിയൽ കാണാനായി വൈകുന്നേരങ്ങളിൽ ടിവിയ്ക്ക് മുന്നിലിരിക്കുന്ന അമ്മമാരെ പോലെയാണ് കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനായി ജനങ്ങൾ കാത്തോർത്തിരുന്നത്. കാലം കാത്തുവച്ച കർമ്മ യോഗിയാണ് പിണറായി വിജയനെന്ന് അന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു.
ഫിലിപ്പോസ് ക്രിസ്റ്റോസം തിരുമേനിയെ കാണാനായി കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ പോയിരുന്നു. അന്ന് പരിശോധിച്ച് തിരിച്ചിറങ്ങുമ്പോൾ ഡോക്ടറോട് തിരുമേനി പറഞ്ഞത് ഈ വെള്ളപ്പൊക്കത്തിൽ ഞാൻ പോകുമെന്നാണ് വിചാരിച്ചതെന്നാണ്. പക്ഷേ ഞാൻ ജീവിച്ചിരിക്കാൻ കാരണം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുള്ളത് കൊണ്ടാണന്നും അദ്ദേഹം പറഞ്ഞു. അന്ന് തിരുമേനിയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത് കേരളത്തിന് ദൈവം നൽകിയ വരദാനമാണ് പിണറായി വിജയനെന്ന്. കേരളത്തിനു കിട്ടിയ വരദാനമായ പിണറായി വിജയനെ തൊടാൻ ആർക്കും കഴിയില്ലെന്നും പിണറായിയെ ജനങ്ങൾ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.