ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ഏകദിനം ഇന്ത്യക്ക് എന്നപോലെ മലയാളി താരം സഞ്ജു സാംസണും ഇന്ന് നിർണായകമാണ്. ആദ്യ മത്സരത്തിൽ ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു രണ്ടാം മത്സരത്തിൽ അപ്പാടെ പരാജയമായിരുന്നു. അലക്ഷ്യമായ ഷോട്ട് കളിച്ച് പുറത്തായ താരത്തെ മുൻ താരങ്ങളടക്കം വിമർശിച്ച് രംഗത്തെത്തി.23 പന്തിൽ 12 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. വലം കൈയൻ ബാറ്ററുടെ ബാറ്റിംഗിലെ സാങ്കേതിക പിഴവിനെക്കുറിച്ചും മുൻതാരങ്ങൾ ചൂണ്ടിക്കാട്ടി.
അവസാന മത്സരത്തിൽ സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കും. ഇതിനൊപ്പം ബാറ്റിംഗ് ഓർഡറിലും മാറ്റമുണ്ടാകും. രണ്ടുമത്സരങ്ങളിലും നിറം മങ്ങിയ തിലക് വർമ്മയെ മാറ്റി രജത് പട്ടിദാറിന് അവസരം നൽകിയേക്കും.
അങ്ങനെയെങ്കിൽ സഞ്ജുവിനെ മൂന്നാം നമ്പറിൽ പരീക്ഷിക്കാൻ ടീം മാനേജ്മെന്റ് തയ്യാറാകും. കഴിഞ്ഞ മത്സരത്തിൽ അഞ്ചാമതാണ് താരം ഇറങ്ങിയത്.
ഏകദിന ടീമിൽ സ്ഥാനം നിലനിർത്തുന്നതിനുള്ള ഒരുപക്ഷേ അവസാനത്തെ അവസരമാകും സഞ്ജുവിന് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മത്സരത്തിൽ ഫോമായാൽ വരും പരമ്പരകളിൽ താരത്തിന് അവകാശവാദം ഉന്നയിക്കാനാകും. ട്വന്റി 20 പരമ്പരയ്‌ക്ക് പിന്നാലെ ഏകദിനത്തിലും മോശം ബാറ്റിംഗ് പ്രകടനമാണ് തിലക് വർമ്മയുടത്. താരത്തിന് ഇതുവരെ പത്തുറൺസിന് മേലെ സ്കോർ ചെയ്യാനായിട്ടില്ല.ഇന്ന് വൈകിട്ട് നാലരമുതലാണ് മത്സരം.