ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ കോടതി വെറുതെ വിട്ടതിൽ സങ്കടമുണ്ടെന്ന് കേസിലെ പ്രധാന സാക്ഷി ഗീത.പോലീസ് റിപ്പോർട്ടിലുള്ള കാര്യങ്ങൾ ശരിയാണ്. അർജുൻ തന്റെ കടയിൽ നിന്ന് സ്ഥിരമായി മിഠായികൾ വാങ്ങാറുണ്ടെന്നും മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും ഗീത പറഞ്ഞു. ആറുവയസുകാരി കൊല്ലപ്പെട്ട കേസിലെ പ്രധാനസാക്ഷികളാണ് ഗീതയും ഭർത്താവ് രവീന്ദ്രനും.
കടയിൽ നിന്ന് മഞ്ച് ഉൾപ്പെടെയുള്ള മിഠായികളാണ് അർജുൻ സ്ഥിരമായി വാങ്ങിയിരുന്നത്. ഇതല്ലാതെ മറ്റൊന്നും ഇയാൾ ഇതുവരെയും കടയിൽ നിന്ന് വാങ്ങിയിട്ടില്ല. കോടതിയിൽ മിഠായി വാങ്ങാറില്ലെന്നാണ് അർജുൻ പറഞ്ഞത്. എന്നാൽ ഇത് തെറ്റാണ്. കുട്ടിയുടെ മരണ ശേഷം അർജുൻ മിഠായി വാങ്ങാനായി കടയിലെത്തിയില്ലെന്നും ഗീത പറഞ്ഞു.
സാക്ഷി വിസ്താരത്തിൽ കോടതിയ്‌ക്ക് മുമ്പിൽ ഇക്കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞിരുന്നു. പക്ഷേ മതിയായ തെളിവുകൾ ഇല്ലെന്ന കാരണത്താൽ കോടതി അർജുനെ വെറുതെ വിട്ടു. അർഹിച്ച ശിക്ഷ പ്രതിയ്‌ക്ക് കിട്ടാത്തതിൽ സങ്കടമുണ്ടെന്നും പ്രതിയ്‌ക്ക് ശിക്ഷ കിട്ടുന്നതുവരെ കേസിൽ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും ഗീത വ്യക്തമാക്കി.















