തിരുവനന്തപുരം: കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ചൈനയിലെയും ക്യൂബയിലെയും കമ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ് പിണറായി വിജയൻ പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു. കമ്മ്യൂണിസ്റ്റ് ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധക്കാരെ തല്ലിച്ചതയ്‌ക്കാനാണ് ശ്രമം. അക്രമത്തെ മുഖ്യമന്ത്രി ജീവൻ രക്ഷാ പ്രവർത്തനമായാണ് വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവകേരള യാത്രയ്‌ക്കിടെ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് ഫാസിസത്തിന്റെ പ്രകടമായ ഉദാഹരണമാണ്. രാജാവിനെതിരായ പ്രതിഷേധം നാട്ടുകാർ കാണരുതെന്നാണ് കൽപ്പന. മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ എടുത്ത കേസ് നവകേരളത്തിന്റെ കരുതലാണെന്ന് മുഖ്യമന്ത്രി പറയുമോ എന്നും അദ്ദേഹം ചോദിച്ചു. കേരളം ഇന്ത്യയിലാണെന്ന് പിണറായി വിജയൻ മറക്കരുതെന്നും കെ.സുരേന്ദ്രൻ ഓർമിപ്പിച്ചു.