ന്യൂഡൽഹി: ഭാരതത്തിന്റെ അഭിമാനമായ എയർ ഇന്ത്യയുടെ ആദ്യ എയർബസ് A350 ഡൽഹിയെത്തി. VT-JRA എന്നാണ് വിമാനത്തിന്റെ രജിസ്ട്രേഷൻ. ഇന്ത്യൻ വ്യോമയാനത്തിന്റെ പിതാവായ ജെആര്‍ഡി ടാറ്റയ്ക്കുള്ള ആദരവിന്റെ ഭാഗമായാണ് ജെആര്‍ സീരീസ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതോടെ എയർ ഇന്ത്യ പുതിയ യുഗത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. 470 വിമാനങ്ങളുടെ ഓർഡറിന്റെ ഭാഗമായി എത്തിയ വിമാനങ്ങൾ ഒരു മാസത്തിനുള്ളിൽ ആഭ്യന്തര റൂട്ടുകളിൽ പറക്കൽ തുടങ്ങും. അടുത്ത വർഷം അവസാനത്തോടെ അന്താരാഷ്ട്ര റൂട്ടുകളിൽ പ്രവർത്തനം ആരംഭിക്കും. ഫ്രാൻസിലെ ടൗലൗസിൽ നിന്ന് ഉച്ചയോടെ രാജ്യ തലസ്ഥാനത്തെത്തിയ എയർബസിനെ സീനിയർ കമാൻഡർ ക്യാപ്റ്റൻ മോണിക്ക ബത്ര വൈദ്യ അടങ്ങുന്ന എയർ ഇന്ത്യയുടെ പ്രതിനിധികളെത്തി സ്വീകരിച്ചു. A350-ൽ പരിശീലനം ലഭിച്ച ഏതാനും ഇന്ത്യൻ പൈലറ്റുമാരിൽ ഒരാളാണ് മോണിക്ക ബത്ര വൈദ്യ.
എയർബസിന്റെ A350-900 ഓർഡറുകളിൽ ആദ്യത്തേതാണ് ഈ വിമാനം, 2024 മാർച്ചിൽ അഞ്ച് ഡെലിവറികൾക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എയർബസിനൊപ്പം 250 പുതിയ വിമാനങ്ങൾക്കായുള്ള എയർ ഇന്ത്യയുടെ ഓർഡറുകളിൽ 20 A350-1000 ഉൾപ്പെടുന്നു.
കോളിൻസ് എയ്റോസ്പേസ് രൂപകൽപ്പന ചെയ്ത മൂന്നാം- ക്ലാസ് ക്യാബിൻ കോൺഫിഗറേഷനിലാണ് 316 സീറ്റുകളുള്ള A350-900 വിമാനമെത്തുന്നത്. 28 സ്വകാര്യ ബിസിനസ് ക്ലാസ് സ്യൂട്ടുകൾ, ഫുൾ ഫ്ലാറ്റ് ബെഡ്ഡുകൾ, 24 പ്രീമിയം ഇക്കണോമി സീറ്റുകൾ, അധിക ലെഗ്റൂം, മറ്റ് സവിശേഷതകൾ. എല്ലാ സീറ്റുകളിലും ഏറ്റവും പുതിയ ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റവും എച്ച്ഡി സ്ക്രീനുകൾ എന്നിവയും വിമാനത്തിൽ അടങ്ങിയിട്ടുണ്ട്.