എറണാകുളം: 2023 ഒക്ടോബർ 12-ന് കോഴിക്കോട് സ്വദേശിയായ യുവാവ് സൈക്കിൾ ചവിട്ടി കയറിയത് 23-ാമത്തെ രാജ്യത്തേക്കാണ്. 35 രാജ്യങ്ങളെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനാണ് ഫായിസ് അഷ്റഫ് അലി സൈക്കിൾ ചവിട്ടുന്നത്. തുടർ വിസയ്ക്കുള്ള ഇടവേളയിൽ നാട്ടിലെത്തിയിരിക്കുകയാണ് എഞ്ചിനീയറായ 36-കാരൻ. ഇദ്ദേഹത്തിന്റെ സൈക്കിൾ നിലവിൽ ജർമ്മനിയിലെ ഹാംബർഗിലാണ് ഉള്ളത്. അവിടെ നിന്നും ലണ്ടനിലേക്കാണ് ഇനി പോകാനൊരുങ്ങുന്നത്.
35,000 കിലോമീറ്റർ താണ്ടുക എന്ന ലക്ഷ്യമാണ് ഫായിസിനുള്ളത്. ഇതിൽ 20,670 കിലോമീറ്റർ അദ്ദേഹം പിന്നിട്ടു കഴിഞ്ഞു. 2022 ഓഗസ്റ്റ് 15-നാണ് തിരുവനന്തപുരത്ത് നിന്ന് ഫായിസ് പര്യടനം ആരംഭിക്കുന്നത്. 2024 ജൂലൈയിലാകും ലക്ഷ്യം പൂർത്തിയാക്കുക. സമാധാനം, ആരോഗ്യം, ലഹരിമുക്തി എന്നീ ക്യാമ്പയിനുകളിൽ പങ്കെടുത്ത അദ്ദേഹം എംബസികളിലും കയറി.
അമേരിക്കൻ മോഡൽ ഫർളി സൈക്കിളിലാണ് സഞ്ചാരം. വിദേശത്ത് നിന്നും ഇതിന്റെ പാർട്സുകൾ എത്തിച്ച് നിർമ്മിച്ചെടുത്തത് സുഹൃത്ത് എബ്രഹാമാണ്. ദിവസവും 175 കിലോമീറ്റർ ദൂരമാണ് താണ്ടുന്നത്.