കൊച്ചി: പുതിയ ഇനം ജലക്കരടിയെ ( ടാർഡിഗ്രേഡ്) കണ്ടെത്തി ഗവേഷകർ. കൊച്ചിൻ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി വിഭാഗത്തിലെ ഗവേഷകരാണ് തമിഴ്‌നാട്ടിലെ മണ്ഡപം തീരത്ത് നിന്നും ജീവിയെ കണ്ടെത്തിയത്.
ഇസ്രോയുടെ വിജയ ദൗത്യമായ ചന്ദ്രയാൻ 3നോടുള്ള ആദരസൂചകമായായി ഈ സൂക്ഷ്മ ജീവിക്ക് “ബാറ്റിലിപ്സ് ചന്ദ്രായാനി” (Batillipes chandrayaani)എന്നാണ് പേരിട്ടിരിക്കുന്നത്. ചന്ദ്രന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യാനുള്ള ബഹിരാകാശ ദൗത്യം പോലെ, സമുദ്രങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ശാസ്ത്രീയ കണ്ടെത്തലുകളുടെ വിശാലമായ സാധ്യതയാണ് ബാറ്റിലിപ്സ് ചന്ദ്രയാനിയെന്ന് ഗവേഷകർ പറയുന്നു.പുതിയ ഇനം ടാർഡിഗ്രേഡുകളുടെ വലിപ്പം മറ്റുള്ളവയെപ്പോലെതന്നെ ഏകദേശം 0.15 മില്ലിമീറ്റർ (mm) നീളവും 0.04 മില്ലിമീറ്റർ വീതിയോടും കൂടിയതാണ്. നാല് ജോഡി കാലുകളുള്ള ഇവയ്‌ക്ക് ഭൂമിയിലെ ഏറ്റവും കഠിനമായ പാരിസ്ഥിതിക സാഹചര്യത്തെ അതിജീവിക്കാനും കഴിയുമെന്നും ഗവേഷകർ പറയുന്നു. 1300 ൽ പരം ജീവികള്‍ ഉള്‍പ്പെടുന്ന “ഫൈലം ടാര്‍ഡിഗ്രേഡാ” വിഭാഗത്തിൽ 17 % ശതമാനത്തോളവും സമുദ്രജീവികളാണ്. ബാറ്റിലിപ്‌സ് ജനുസ്സിലെ 39-ാമത്തെ ഇനമാണ് ബാറ്റിലിപ്‌സ് ചന്ദ്രയാനി.
ഗവേഷക വിദ്യാര്‍ഥിയായ എന്‍.കെ. വിഷ്ണുദത്തനും സീനിയര്‍ പ്രൊഫസറും ഡീനുമായ ഡോ. എസ്. ബിജോയ് നന്ദനുമാണ് ഈ സൂക്ഷ്മജീവിയെ കണ്ടെത്തിയത്. ഇത് മൂന്നാം തവണയാണ് ഈ ഗവേഷക സംഘം ഇന്ത്യൻ തീരത്തുനിന്നും മറൈൻ ടാര്‍ഡിഗ്രേഡുകളെ കണ്ടെത്തുന്നത്. ഇതിനുമുൻപ് 2021-ൽ തെക്ക് പടിഞ്ഞാറൻ തീരത്ത് നിന്ന് സ്റ്റൈഗാർക്റ്റസ് കേരളെൻസിസ് വിഭാഗത്തിൽ പെടുന്ന മറൈൻ ടാർഡിഗ്രേഡിനേയും 2023-ൽ തെക്ക് കിഴക്കൻ തീരത്ത് ബാറ്റിലിപ്സ് കലാമി വിഭാഗത്തിൽ പെടുന്ന മറൈൻ ടാർഡിഗ്രേഡിനേയും ഇതേ സംഘം കണ്ടെത്തിയിരുന്നു.















