ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ കളളക്കടത്ത് സംഘത്തെ പിടികൂടി അതിർത്തി സുരക്ഷാ സേന. അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്നംഗ കള്ളക്കടത്ത് സംഘമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 525 ഗ്രാം ഹെറോയിൻ അടങ്ങിയ പാക്കറ്റുകൾ കണ്ടെടുത്തതായി അതിർത്തി സുരക്ഷാ സേന അറിയിച്ചു.
അതിർത്തി വഴി ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്നുക്കടത്ത് നടക്കുന്നുണ്ടെന്ന് സുരക്ഷാ സേനയ്ക്കും പഞ്ചാബ് പോലീസിനും വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ധനോൻ കലാൻ ഗ്രാമത്തിലൂടെ രണ്ട് പേർ ഡ്രോൺ വഴി ഹെറോയിൻ കടത്താൻ ശ്രമിക്കുന്നത് സൈന്യം കണ്ടത്. പോലീസിനെ കണ്ട ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിർത്തി സുരക്ഷാ സേനയും പോലീസും ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മൂന്നാമത്തെ വ്യക്തിയും പിടിയിലായത്.
കഴിഞ്ഞ ദിവസവും കള്ളക്കടത്തു സംഘത്തിന്റെ ശ്രമങ്ങൾ അതിർത്തി സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. 540 ഗ്രാം ഹെറോയിൻ അടങ്ങിയ ചൈനീസ് നിർമ്മിതിയായ ക്വാഡ്കോപ്റ്റർ DJI Mavic മോഡൽ ഡ്രോൺ അതിർത്തി സുരക്ഷാ സേന കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളിലും മേഖലയിൽ ശക്തമായ പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.